ഇന്ത്യ - പാകിസ്ഥാൻ സംഘ‍ർഷത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ - പാകിസ്ഥാൻ സംഘ‍ർഷത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യയുടെ വിദേശ നയം തകർന്നുവെന്ന് അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധി, ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആരാണ് പറഞ്ഞതെന്ന് ചോദിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും ലോക രാജ്യങ്ങൾ ഒരേപോലെ കാണുന്നതെന്നും രാഹുൽ ചോദിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഒരു രാജ്യവും വരാത്തതെന്തുകൊണ്ടെന്നതായിരുന്നു വിദേശകാര്യ മന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്‍റെ മൂന്നാമത്തെ ചോദ്യം.

ഇന്ത്യ - പാകിസ്ഥാൻ വിഷയത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാഹുൽ 3 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്‍റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? എന്നീ ചോദ്യങ്ങളാണ് മോദിയോട് രാഹുൽ ഉന്നയിച്ചത്. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, രാജ്യത്തിന്‍റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പ്രതിപക്ഷ നേതാക്കളടക്കം നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ മൂന്നെണ്ണം നാളെയും മറ്റന്നാളുമായി റഷ്യയും യു എ ഇയുമടക്കമുള്ള പ്രധാനപ്പെട്ട സഖ്യരാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. ഇവർക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ, സഞ്ജയ് കുമാർ ഷാ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ആദ്യം പോകുന്നത്. ഇവരോട് ഇന്ന് പാർലമെന്‍റിൽ വച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ നിലപാട് ലോകവേദിയിൽ അവതരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചു. പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ തട്ടിലല്ല കാണേണ്ടതെന്നും, പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നുമുള്ള നിലപാട് ലോകരാജ്യങ്ങളോട് ഇന്ത്യ ഉന്നയിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന ആവശ്യം ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നിലുയർത്താൻ ഇന്ത്യ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ സമ്മ‍ർദ്ദം ചെലുത്തും. പഹൽഗാമിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടും. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള എല്ലാ യു എൻ രക്ഷാ സമിതി അംഗങ്ങളെയും ഇന്ത്യൻ സംഘങ്ങൾ കാണുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഇതിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്നതിൽ ഇന്ത്യ ഉറച്ച് നിൽക്കും.