കീവ്: ചെർണോബിലിലെ തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. വെറും ഒരു കിലോമീറ്റർ മാത്രമാണ് ഇപ്പോൾ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരം. തീ വ്യാപിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. 

പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്.

വടക്കൻ ഉക്രൈനിലാണ് ചെർണോബിൽ ആണവ നിലയം. ലോകത്തിലെ ഏറ്റവും അപകടകരമായ മാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണ് ഇവിടം.

അധികൃതർ കരുതിയതിനേക്കാളും വലിയ കാട്ടുതീയാണിത്. ആദ്യത്തെ കാട്ടുതീ 34000 ഹെക്ടർ പ്രദേശം വിഴുങ്ങി. അതേസമയം ചെർണോബിലിന് തൊട്ടടുത്ത് രൂപപ്പെട്ട രണ്ടാമത്തെ കാട്ടുതീ 12000 ഹെക്ടർ പ്രദേശമാണ് വിഴുങ്ങിയത്.

എച്ച്ബിഒ യുടെ ചെർണോബിൽ സീരീസ് വൻ വിജയമായതിന് ശേഷം ലോകത്താകമാനമുള്ള നിരവധി പേരാണ് ഇവിടം സന്ദർശിച്ചത്. 2018 ൽ 80000 പേരാണ് ഇവിടെയെത്തിയത്. 2019 ൽ സന്ദർശകരുടെ എണ്ണം ഇതിലും വലുതായിരുന്നു.

അപകട മേഖലയിലെ പുല്ലിന് ഒരാൾ കഴിഞ്ഞ ഏപ്രിൽ നാലിന് തീകൊടുക്കുകയായിരുന്നു. പിന്നീടിത് കത്തിപ്പടർന്നു. 300 ലേറെ അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോൾ തീയണക്കാൻ കഠിനാധ്വാനം ചെയ്യുന്നത്.