പിതാവിൻ്റെ സംസ്കാരചടങ്ങിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുമോ എന്നതാണ് ഏവരുടെയും ആകാംക്ഷ. അങ്ങനെയാണെങ്കിൽ മൊജ്തബ ഖമനേയി ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും അലി ഖമനേയിയുടെ സംസ്കാരചടങ്ങിനുണ്ടാകും.
ടെഹ്റാൻ: യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾക്ക് ഇറാനിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഏവരും ഉറ്റുനോക്കുന്നത് പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെയാണ്. പിതാവിൻ്റെ സംസ്കാരചടങ്ങിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുമോ എന്നതാണ് ഏവരുടെയും ആകാംക്ഷ. അങ്ങനെയാണെങ്കിൽ മൊജ്തബ ഖമനേയി ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും അലി ഖമനേയിയുടെ സംസ്കാരചടങ്ങിനുണ്ടാകും.
ജൂലായ് നാല് മുതലാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ ആരംഭിക്കുന്നത്. ഖോം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലൂടെയുള്ള വിലാപയാത്ര ജൂൺ ഒൻപതിന് മഷാദിലെത്തും. ഒൻപതാം തീയതി അവിടെയാണ് കബറടക്കം.
വരുമോ മൊജ്തബ ഖമനേയി…
അലി ഖമനേയിയുടെ സംസ്കാരചടങ്ങിലും വിലാപയാത്രയിലും വൻ ജനാവലി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതേസമയമാണ് നിലവിലെ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇക്കാര്യം പിന്നീട് ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിൽ മൊജ്തബയുടെ മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ട്.
പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുപരിപാടികളിലോ മറ്റോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. വീഡിയോ ദൃശ്യങ്ങളിലൂടെയോ നേരിട്ടോ അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുമില്ല. ഓരോതവണയും പുറത്തിറക്കിയ പ്രസ്താവനകളിലൂടെ മാത്രമാണ് ഇതുവരെ അദ്ദേഹം ജനങ്ങളെ അഭിസംബോധനചെയ്തത്.
പരമോന്നത നേതാവായി അധികാരമേറ്റതിന് പിന്നാലെ മാർച്ച് പകുതിയോടെയാണ് ഔദ്യോഗിക മാധ്യമങ്ങളിലൂടെ മൊജ്തബയുടെ ആദ്യ പ്രസ്താവന പുറത്തുവന്നത്. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ഹോർമുസിൽ ഇറാന്റെ നിയന്ത്രണം തുടരുമെന്നും ആവശ്യമെങ്കിൽ മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്നുമായിരുന്നു ആദ്യത്തെ സന്ദേശം. പിന്നീട് വിവിധ സമയങ്ങളിലായി അദ്ദേഹം പ്രസ്താവനകൾ പുറത്തിറക്കി. ഏറ്റവും ഒടുവിലായി ഇറാനിലെ ദേശീയ നീതിന്യായ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഇറാനെതിരായ യുദ്ധത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം ഈ സന്ദേശത്തിൽ നിർദേശം നൽകിയത്.
അഭ്യൂഹങ്ങൾ പലവിധം…
പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ഇത്രയും നാളുകൾ പിന്നിട്ടിട്ടും മൊജ്തബ ഖമനേയി വീഡിയോ സന്ദേശത്തിലൂടെയോ നേരിട്ടോ പ്രത്യക്ഷപ്പെടാത്തത് പല അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു. തുടർച്ചയായ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണം ഗുരുതരമായ പരിക്കാണെന്നായിരുന്നു ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങളാലാണ് മൊജ്തബ ഖമനേയി പൊതുയിടത്തിൽ വരാത്തതെന്നായിരുന്നു മറ്റുചിലർ പറഞ്ഞിരുന്നത്. ഇതിനിടെ, പരമോന്നത നേതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഇറാനിൽ വലിയ ചർച്ചയായിരുന്നു.
അതേസമയം, പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അടുത്തിടെ നടന്ന വെടിനിർത്തൽ ചർച്ചകളുടെ അണിയറയിൽ മൊജ്തബയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങിൽ മൊജ്ത ഖമനേയി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്നത് ഇറാൻ ജനത ഉറ്റുനോക്കുന്നത്.


