Asianet News MalayalamAsianet News Malayalam

'അധികാരത്തിലെത്തിയാൽ കലാപാനിയടക്കം ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കും'; മുൻ നേപ്പാൾ പ്രധാനമന്ത്രി

അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് ശത്രുതയില്ല, ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു.

Will take back Kalapani from India says former Nepal prime minister K.P. Sharma Oli
Author
Kathmandu, First Published Nov 27, 2021, 3:23 PM IST

കാഠ്മണ്ഡു: അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി(Kalapani), ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രിയും(Former Nepal prime Minister) സി.പി.എൻ.-യു.എം.എൽ അധ്യക്ഷനുമായ കെ.പി ശർമ്മ ഒലി(K.P. Sharma Oli ). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപാൾ പത്താം ജനറൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒലി. 

ഇന്ത്യയുമായി നിരന്തര ചർച്ചകൾ നടത്തിയാകും ഇത് സാധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു. "പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നേപ്പാളിന്‍റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ചയിലൂടെ തിരിച്ചുപിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽ രാജ്യങ്ങളുമായി ശത്രുതക്ക്​ താൽപര്യമില്ല" - ഒലി പറഞ്ഞു. 

അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് ശത്രുതയില്ല, ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി CPN-UML ഉയർന്നുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും   ഒലി പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള തർക്ക പ്രദേശമായ കാലാപാനിക്ക് സമീപമുള്ള പടിഞ്ഞാറൻ പോയിന്റാണ് ലിപുലേഖ് ചുരം.  ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ്​ കാലാപാനിയെന്നാണ് ഇന്ത്യയുടെ നിലപാട്. മറിച്ച്, സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന് നേപ്പാ​ളും പറയുന്നു. 

2020 മെയ് എട്ടിന് ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള  റോഡ് ഇന്ത്യ തുറന്നതിനെതോടെ അന്നത്തെ പ്രധാനമന്ത്രി ഒലിയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. തങ്ങളുടെ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് അവകാശപ്പെട്ട് നേപ്പാൾ ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ചു. ദിവസങ്ങൾക്ക് ശേഷം, ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടെ പ്രദേശങ്ങളായി കാണിക്കുന്ന പുതിയ ഭൂപടവും നേപ്പാൾ പുറത്തിറങ്ങി. ഈ നീക്കത്തോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഏകപക്ഷീയമായ നടപടിയാണ് നേപ്പാളിന്‍റേതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios