ടെഹ്‌റാൻ ആക്രമിച്ച് ഇറാൻറെ പരമോന്നത നേതാവിനെ വധിച്ച ഇസ്രയേലിനും യുഎസിനും യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇറാൻറെ ശക്തമായ പ്രതിരോധവും മിസൈൽ ആക്രമണങ്ങളും യുഎസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചപ്പോൾ, ലെബനനിലെങ്കിലും യുദ്ധം തുടരാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്, ഇത് പശ്ചിമേഷ്യയിലെ സമാധാനത്തിന് ഭീഷണിയായി തുടരുന്നു.
ഒരു വഴിക്ക് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രയേലും യുഎസും ചേർന്ന് ഫെബ്രുവരി 28 -ന് രാത്രി ടെഹ്റാൻ അക്രമിക്കുന്നത്. ആദ്യ ദിവസത്തെ അക്രമത്തിൽ തന്നെ ഇറാൻറെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെയും നിരവധി സൈനികോദ്യോഗസ്ഥരെയും കൊലപ്പെടുത്താൻ ഇസ്രയേലിന് കഴിഞ്ഞു. എന്നാൽ, പിന്നീടങ്ങോട്ട് മൊസാദിന്‍റെ കണക്ക് കൂട്ടലുകൾക്കോ അത് വിശ്വസിച്ച നെതന്യാഹുവിനോ ട്രംപിനോ തങ്ങളുടെ കണക്ക് കൂട്ടലുകൾ കണ്‍മുന്നിൽ പാളുന്നത് കാണേണ്ടിവന്നു. അതേസമയം ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇറാൻ, ജീവിക്കാനായി പൊരുതുന്നതും ലോകം കണ്ടു.
തെറ്റിയ ആദ്യ തന്ത്രം
അയത്തുള്ള അലി ഖമനേയിയുടെ മരണം ഇറാനെ തളർത്തുമെന്നും അത് വഴി രാജ്യത്തെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരുമെന്നുമുള്ള മെസാദിന്‍റെ കണക്കു കൂട്ടൽ പാളി. സ്വന്തം രാജ്യത്തെ ഭരണകൂടത്തെ എതിർത്താൽ അനുഭവിക്കേണ്ടിവരുന്ന മൃഗീയമായ പീഡനങ്ങളെ കുറിച്ചുള്ള അറിവോ, അതോ ഒരു വൈദേശീകാധിപത്യത്തെ അംഗീകരിക്കാനുള്ള വൈമുഖ്യമോ എന്ത് തന്നെയായാലും ഇറാൻ ജനത. മൊസാദിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയും ഇറാൻ ഭരണകൂടത്തെ അനുകൂലിക്കുകയും ചെയ്തു. അതിന് തയ്യാറാകാത്തവർ നിശബ്ദരായി. ഇതോടെ ഇറാനിൽ നിന്നുമൊരു പ്രതിഷേധവും അതുവഴി ഭരണകൂട അട്ടിമറിയും പ്രതീക്ഷിച്ച ഇസ്രയേലിന്‍റെ ആദ്യ യുദ്ധ തന്ത്രം തന്നെ തെറ്റി.

മിസൈൽ വർഷം
അയേണ്‍ ഡോം അടക്കമുള്ള മിസൈൽ തദ്ദേശീയവും വിദേശീയവുമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കരുത്തിലായിരുന്നു ഇസ്രയേലിന്‍റെ ആത്മവിശ്വാസം മുഴുവനും ലെബനനിൽ നിന്നും യെമനിൽ നിന്നുമുള്ള ഇറാന്‍റെ പ്രോക്സി സംഘടനകളുടെ മിസൈലുകളെ തടുത്തിട്ടിരുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പക്ഷേ. ഇറാന്‍റെ മിസൈൽ വർഷത്തിന് മുന്നിൽ നിശ്പ്രഭമായി. ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ദീർഘദൂര മിസൈലുകൾ ഇസ്രയേലി മിസൈൽ പ്രതിരോധങ്ങളെ കബളിപ്പിച്ച് ടെൽ അവീവിലും മറ്റ് ഇസ്രയേലി നഗരങ്ങളിലും ഉണ്ടാക്കിയത് കനത്ത നാശ നഷ്ടം തന്നെയാണ്. സ്വന്തം രാജ്യത്തെ നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് വിടുന്നതിൽ ഇസ്രയേൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇസ്രയേലിന് സംഭവിച്ച കനത്ത നഷ്ടങ്ങൾ മൂടിവയ്ക്കപ്പെട്ടു. അതേസമയം റഷ്യ പുറത്ത് വിട്ട ഇസ്രയേലിന്‍റെ നഷ്ടക്കണക്കുകൾ അതുവരെ ഇസ്രയേൽ അവകാശപ്പെട്ടിരുന്ന സൈനിക അപ്രമാദിത്വത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു.
ഭരണം മാറ്റാനെത്തി, ഭരണം 'മാറിയ' യുഎസ്
ഇറാന്‍റെ ഭരണമാറ്റമായിരുന്നു യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, അയത്തുള്ള അലി ഖമനേയി, സുരക്ഷാ തലവൻ അലി ലാരിജാനി, ഇന്‍റലിജന്‍സ് മന്ത്രി ഇസ്മയിൽ ഖാതിബ് അടക്കം മുതിർന്ന 19 സൈനിക രാഷ്ട്രീയ നേതൃത്വങ്ങളെയും ഇറാന് നഷ്ടമായി. എന്നാൽ. കൊല്ലപ്പെടുന്ന ഓരോ നേതാവിനും പകരം മറ്റൊരു നേതാവിനെ അവരോധിച്ച് ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ച് അക്രമിക്കാനും ഇറാന് കഴിഞ്ഞത്. ഒരു ജനത എന്ന നിലയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ടെഹ്റാനിലെക്ക് വീഴുന്ന ഓരോ മിസൈലിനും ടെൽ അവീവും വിറച്ചുവെന്ന് ഇതിലൂടെ ഇറാൻ ഉറപ്പിച്ച് കൊണ്ടിരുന്നു. ഇറാൻറെ ഈ ആത്മവിശ്വാസം ഇല്ലാതാക്കിയത് യുഎസ് പ്രസിഡന്‍റിന്‍റെ ആത്മവിശ്വസത്തെയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും സ്വന്തം മരുമകനായ കുഷ്നറിനെയും വിശ്വസിച്ച് ഇറാൻ യുദ്ധത്തിനിറങ്ങിയ ട്രംപിന് ആദ്യം ദിനം മുതൽ തിരിച്ചടികളായിരുന്നു. 'ഓപറേഷൻ എപിക് ഫ്യൂരി' എന്ന് പേരിട്ട് യുഎസ് യുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെ ഓപറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ച് കഴിഞ്ഞിരുന്നു. ഇത്, യുദ്ധത്തിലേക്ക് ട്രംപിനെയും യുഎസിനെയും ഇസ്രയേൽ വലിച്ചിടുകയാണെന്ന പ്രതീതി ലോകത്ത് സൃഷ്ടിച്ചു. പിന്നീടിങ്ങോട്ട് ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചപ്പോൾ സ്വസ്ഥനായ ട്രംപ്, യൂറോപ്പിനോടും നേറ്റോയോടും കടുപ്പിച്ച് സംസാരിക്കുന്നതും സ്വന്തം സൈനീക സഖ്യമെന്ന് കരുതിയ നേറ്റോയിൽ നിന്ന് പോലും സഹായം ലഭിക്കാതെ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. യുകെയും ഫ്രാൻസും ജർമ്മനിയും ഇറ്റലിയും യുഎസിനെതിരെ നിലപാടെടുക്കുന്ന നിലവരെ എത്തുന്നതും ലോകം കണ്ടു.

ഹോർമൂസിൽ പരാജയം രുചിച്ച ട്രംപ്, ഇറാൻ തകർത്ത എഫ് 15 ഇ വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെടുക്കുന്നതിനിടെ നഷ്ടപ്പെടുത്തിയത് 13 ഓളം സൈനികരെയും നിരവധി ഹെലികോപ്റ്റുകളെയും ഒരു എഫ് 15 ഇയു അടക്കം ദശലക്ഷക്കണക്കിന് ഡോളറുകളാണ്. ഇതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമനില തെറ്റിയ നിലയിൽ ഒരു പരമോന്നത രാജ്യത്തിനെതിരെ അസഭ്യം പറയുന്ന നിലയിലേക്കെത്തി. ഇതിനിടെ വൈറ്റ് ഹൗസിലെ പല ട്രംപ് ആരാധകർക്കും സ്ഥാനഭ്രംശമുണ്ടായി. എപ്സ്റ്റീൻ ഫയൽ പുറത്ത് വിടുന്നതിൽ കരുതൽ കാണിച്ചില്ലെന്നും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലുണ്ടായ പിഴവും ചൂണ്ടിക്കാണിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിയെയും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമം, നാഷണൽ കൗണ്ടർ ടെററിസം സെന്‍റർ (NCTC) ഡയറകർ ജോ കെന്‍റ്, തുടങ്ങിയ പ്രമുഖരുടെ രാജി അന്താരാഷ്ട്രാ തലത്തിൽ തന്നെ ചർച്ചയായി. ഇതിനിടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിലെയും നാഷണൽ സെക്യൂരിറ്റി കൗൺസിലിലെയും ചില മധ്യനിര ഉദ്യോഗസ്ഥർ രാജിവെക്കുകയോ സ്ഥാനമാറ്റം നേരിടുകയോ ചെയ്തു. ഇതോടെ തങ്ങളുടെ ഭരണം മാറ്റാനെത്തിയ യുഎസിൽ ഇപ്പോൾ ഭരണമാറ്റമാണെന്ന് ഇറാൻ പരിഹസിക്കുന്നത് വരെയെത്തി കാര്യങ്ങൾ. അതേസമയം യുഎസിൽ യുദ്ധം വരുത്തിവച്ച സാമ്പത്തിക ബാധ്യതയും വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
യുദ്ധമുഖം വേണം ലെബനനിലെങ്കിലും
അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊണ്ട് ട്രംപ് ഏത് വിധേനയും ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാൻ പല വഴിയും തേടുന്നതിനിടെയാണ് പാകിസ്ഥാന്‍റെ മധ്യസ്ഥ ശ്രമം. ആദ്യം വിട്ട് നിന്നെങ്കിലും ഇറാനും സഹകരിക്കാൻ തയ്യാറായതോടെ ഈ തുറുപ്പ് ചീട്ടിൽ പിടിച്ച് യുഎസ് താത്കാലിക യുദ്ധ വിരാമത്തിന് തയ്യാറായി. ഇസ്രയേലിന്‍റെ 10 ഇന പരിപാടികൾ അംഗീകരിച്ചോ ഇല്ലയോ എന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ട്രംപ് താത്കാലിക വെടിനിർത്തലിന് അംഗീകാരം നൽകി. ട്രംപിന്‍റെ വെടിനിർത്തൽ അംഗീകരിച്ചെങ്കിലും ലെബനൻ അതിൽപ്പെടില്ലെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. എന്നാൽ, തങ്ങളുടെ സഖ്യ ശക്തികൾക്കെതിരെയുള്ള ആക്രമണവും നിർത്തണമെന്നാണ് ഇറാന്‍റെ ആവശ്യമെന്നതും ശ്രദ്ധേയം. ഇതോടെ ഇറാൻ - ഇസ്രയേൽ സംഘർഷം തുടരാനുള്ള സാധ്യത ഏറെയാണ്. നെത്യാഹുവിന്‍റെ രാഷ്ട്രീയ ഭാവിയും വലതുപക്ഷ പാർട്ടികളുടെ നിലപാടും ഇസ്രയേലിന്‍റെ ഭാവിയെയും പശ്ചിമേഷ്യയുടെ സമാധാനത്തെയും നിർണയിക്കും.


