പശ്ചിമേഷ്യൻ യുദ്ധത്തിൽ പാകിസ്ഥാൻ അപ്രതീക്ഷിതമായി മധ്യസ്ഥന്റെ വേഷമണിയുന്നു. സാമ്പത്തിക ആവശ്യങ്ങളും അമേരിക്കൻ പ്രീതിയും ഇതിന് പിന്നിലുണ്ട്. എന്നാൽ, സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ ഇറാനെതിരായ യുദ്ധത്തിലേക്ക് പാകിസ്ഥാനെ വലിച്ചിഴച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്. പാകിസ്ഥാന്‍റെ മധ്യസ്ഥം അഫ്ഗാൻ ആക്രമണത്തിനിടെയാണെന്ന വൈരുദ്ധ്യവും നിലനിൽക്കുന്നു. 

ശ്ചിമേഷ്യൻ യുദ്ധങ്ങളിൽ സാധാരണ മധ്യസ്ഥം വഹിക്കുന്നത് ഖത്തറും ഈജിപ്തും സൗദിയുമൊക്കെയാണ്. പക്ഷേ, ഇത്തവണ പാകിസ്ഥാനാണ് മധ്യസ്ഥ വേഷത്തിൽ. അപ്രതീക്ഷിതം. പക്ഷേ, രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്ന മട്ടാണ് പാകിസ്ഥാന്. കാരണങ്ങളുമുണ്ട്. വിരോധാഭാസങ്ങളും.

ട്രംപിന്‍റെ അംഗീകാരം

പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായി കടുത്ത യുദ്ധം നടക്കുകയാണ്. പാകിസ്ഥാൻ ബോംബുകൾ വ‌ർഷിക്കുന്നു. അതിനിടെയാണ് മധ്യസ്ഥ വേഷത്തിൽ മറ്റൊരു യുദ്ധം അവസാനിപ്പിക്കാൻ രംഗത്തെത്തിയിരിക്കുന്നത്. അതാണ് വിരോധാഭാസം. പാകിസ്ഥാനിലെ സംയുക്ത സൈനിക മേധാവി, ഫീൽഡ് മാർഷൽ അസിം മുനീർ, അമേരിക്കൻ പ്രസിഡന്‍റിന്‍റെ നല്ല പട്ടികയിൽ പെട്ടതാണ്. പോരാത്തതിന് പാകിസ്താൻ, ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തിരുന്നു. അമേരിക്ക അംഗീകരിക്കാനുള്ള കാരണം ഇത് രണ്ടും തന്നെയാണ്. വേറെയുമുണ്ട് പലതും. അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇറാനും പാകിസ്ഥാനും. മത, സാംസ്കാരിക ബന്ധങ്ങളുമുണ്ട്. അമേരിക്കൻ സൈനികാസ്ഥാനങ്ങൾ പാകിസ്ഥാനിൽ ഇല്ല. ഇറാന് പാകിസ്ഥാനുമായി ശത്രുതയില്ല. ഇതുവരെ പാകിസ്ഥാനെ ആക്രമിച്ചിട്ടുമില്ല. യുദ്ധം അവസാനിപ്പിക്കേണ്ടത് പാകിസ്ഥാന്‍റെയും ആവശ്യവുമാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണയാണ് പാകിസ്ഥാന്‍റെ ആശ്രയം. യുദ്ധം തുടങ്ങിയ ശേഷം ഇന്ധനവില കൂട്ടേണ്ടി വന്നു. അല്ലെങ്കിൽ തന്നെ സമ്പദ്‍രംഗം മോശം സ്ഥിതിയിലാണ്. കടക്കെണി ഗുരുതരം. യുദ്ധം നീണ്ടു പോയാൽ കാര്യങ്ങൾ വഷളാകും.

സൗദിയുമായുള്ള കാരാർ

ഇതൊക്കെയാണ് ഒറ്റനോട്ടത്തിലെ കാര്യങ്ങൾ. ഇനി ഇതൊന്നുമല്ലാതെ ചിലതുണ്ട്. പാകിസ്ഥാൻ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ സാധ്യതയുള്ള കാരണങ്ങൾ. സൗദി അറേബ്യയുമായി പാകിസ്ഥാൻ കഴിഞ്ഞ വ‌ർഷം ഒരു കരാറിലൊപ്പിട്ടിരുന്നു, പ്രതിരോധ കരാർ. രണ്ടിലേത് രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാലും, അത് രണ്ട് കൂട്ടർക്കുമെതിരെയായി കണക്കാക്കും എന്നാണ് ധാരണ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമാണ് ഒപ്പിട്ടത്. പശ്ചിമേഷ്യയിൽ പാക് സൈന്യത്തിന്‍റെ പ്രാധാന്യവും ശക്തിയും കൂട്ടുന്നതാണ് കരാറെന്നും മാത്രമല്ല, ഇന്ത്യയെ തടുക്കാനുള്ള ഒരു നീക്കമാണെന്നും അന്നത് വ്യാഖ്യാനിക്കപ്പെട്ടു.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയുടെ പശ്ചിമേഷ്യൻ സൗഹൃദ നീക്കങ്ങൾക്കും 'India–Middle East–Europe Economic Corridor' -നും തിരിച്ചടി എന്ന കാഴ്ചപ്പാട് അതിന്‍റെ ബാക്കി. ഈ കരാർ വഴി കശ്മീർവിഷയത്തിൽ OIC (Organisation of Islamic Cooperation) -യെ സ്വാധീനിക്കാൻ പാകിസ്ഥാൻ ശ്രമിച്ചേക്കുമെന്നും. അതൊന്നുമല്ല, പണ്ടേ പാക് സൈന്യം സൗദിയുടെ സുരക്ഷക്ക് വിന്യസിക്കപ്പെട്ടിട്ടുണ്ട്. അത് ഔദ്യോഗികമാക്കുക മാത്രമാണ് ചെയ്തതെന്ന് എതിർവാദവും ഉണ്ടായി. എന്തായാലും ഇന്ത്യ - പാക് യുദ്ധമാണ് പാകിസ്ഥാനെ കരാറിലേക്ക് എത്തിച്ചത്. ദോഹയിലേക്ക് നീണ്ട ഇസ്രയേലിന്‍റെ ഹമാസ് ആക്രമണം സൗദിയെയും കരാറിൽ എത്തിച്ചുവെന്നാണ് വിലയിരുത്തൽ. പക്ഷേ, പാകിസ്ഥാനിൽ അന്നുതന്നെ ചില സംശയങ്ങളും മുന്നറിയിപ്പുകളും ഉണ്ടായി. പശ്ചിമേഷ്യൻ യുദ്ധങ്ങളിലേക്ക് പാകിസ്ഥാനും വലിച്ചിഴക്കപ്പെടും എന്ന സംശയം. ആ സംശയമിപ്പോൾ ആശങ്കയായി മാറിയിട്ടുണ്ട്.

ഇറാൻറെ അക്രമണം

സൗദിയെ തുടർച്ചയായി ആക്രമിക്കുകയാണ് ഇറാൻ. കരാർ വ്യവസ്ഥ പാലിക്കണമെന്ന് സൗദി ആവശ്യപ്പെട്ടാൽ പാകിസ്ഥാനും യുദ്ധത്തിൽ പങ്കാളിയാവും. ഇറാനെ തള്ളിപ്പറയേണ്ടിയും വരും. പാകിസ്ഥാനിലെ സൈനിക വൃത്തങ്ങൾ തന്നെ ആശങ്കപ്പെട്ടുതുടങ്ങിയിരുന്നു. രാജ്യത്തിനുള്ളിലാണെങ്കിൽ അമേരിക്കൻ വിരുദ്ധ, ഇസ്രയേൽ വിരുദ്ധ വികാരം ശക്തമാണ്. ഇറാൻ അനുകൂലവും. എല്ലാം കണക്കിലെടുത്താണ് പാകിസ്ഥാന്‍റെ മധ്യസ്ഥ തീരുമാനം. ഇറാനും അമേരിക്കയും അത് അനുകൂലിക്കയും ചെയ്തു. ഈജിപ്ത്, തുർക്കി, ഖത്തർ നേതാക്കളുമായി പാക് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. പാക് പ്രതിനിധി ചൈനയുമായും സംസാരിച്ചു.

വെല്ലുവിളി

പാകിസ്ഥാന് വെല്ലുവിളികൾ പലതാണ്. ഹൂതികൾ യുദ്ധത്തിൽ ഇടപെട്ട് തുടങ്ങിയത് ഒന്ന്. ഇസ്രയേലിന് നേർക്ക് കഴിഞ്ഞയാഴ്ച മിസൈലുകൾ വീണ് തുടങ്ങി. അമേരിക്കയാണെങ്കിൽ സൈനിക വിന്യാസം തുടരുകയാണ്, പശ്ചിമേഷ്യയിലേക്ക്. തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നതുവരെ യുദ്ധം എന്നുറപ്പിച്ച് പറയുന്ന ഒരു വിഭാഗമുണ്ട്, ഇറാനിയൻ നേതൃത്വത്തിൽ. പാകിസ്ഥാൻ മറ്റ് രാജ്യങ്ങളുമായി നടത്തിയ ചർച്ചയിൽ തങ്ങൾ പങ്കാളിയല്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചത്. വിയോജിപ്പുകൾ വ്യക്തം.

സുവർണാവസാരം, പക്ഷേ...

പാകിസ്ഥാന് ഇതൊരു സുവർണാവസരമാണ്. ആഗോളതലത്തിൽ സ്വാധീനശക്തിയാകാനുള്ള അവസരം. ചർച്ചകൾ വിജയിച്ചാൽ പാകിസ്ഥാന്‍റെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ അംഗീകരിക്കപ്പെടും. ഇനി അഥവാ പരാജയപ്പെട്ടാലും വലിയ പരിക്കേൽക്കില്ലെന്നാണ് വിലയിരുത്തൽ. ശ്രമം അംഗീകരിക്കപ്പെടും. പക്ഷേ, യുദ്ധം വഷളായാൽ ഊരാക്കുടുക്കാകും പാകിസ്ഥാന്.