ഉടൻ തന്നെ ബാങ്കിൽ നിന്നും 50 ലക്ഷം യുവാന്‍ (ഏതാണ്ട് 5.8 കോടി രൂപ) പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചു. അവിടെയും നിന്നില്ല.

ബിയജിംഗ്: മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് ബാങ്ക് ജീവനക്കാരോട് മൊത്തം കോടീശ്വരന്‍ ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ വൈറല്‍ വാര്‍ത്തയാകുന്നത്. ചൈനയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഓഫ് ഷാന്‍ഹായി ബ്രാഞ്ചിലാണ് സംഭവം. ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്ക് ധരിക്കാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന്‍റെ തുടക്കം. ഇത് കോടീശ്വരന് ഒട്ടും ഇഷ്ടമായില്ല.

ഉടൻ തന്നെ ബാങ്കിൽ നിന്നും 50 ലക്ഷം യുവാന്‍ (ഏതാണ്ട് 5.8 കോടി രൂപ) പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചു. അവിടെയും നിന്നില്ല. തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി തരാനും ഇയാൾ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. 

ജീവനക്കാർ രണ്ട് മണിക്കൂറിലേറെ എടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയ പണം, മൂന്ന് വലിയ പെട്ടികളിലാക്കി തന്റെ ആഡംബരക്കാറിൽ അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുക മറ്റൊരു ബാങ്കിൽ നിക്ഷേപിക്കുമെന്നും വ്യക്തമാക്കി. 

ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ല എന്നതാണ് പണം പിന്‍വലിക്കുന്നതിന് കാരണമായി ഇയാള്‍ പറഞ്ഞത്. എന്നാല്‍ ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബാങ്ക് അധികൃതരും വ്യക്തമാക്കി. തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങള്‍ പ്രസ്തുത കസ്റ്റമര്‍ക്ക് നല്‍കിയെന്ന് ബാങ്ക് പറയുന്നു. അതേ സമയം ഇനിയും പണം പിന്‍വലിച്ച് പണികൊടുക്കാന്‍ കോടീശ്വരന്‍ എപ്പോ വരും എന്ന ആശങ്കയിലുമാണ് ബാങ്ക് ജീവനക്കാര്‍.