ലൂസിയാന : "മനുഷ്യനെ പട്ടികടിച്ചാൽ അത് വാർത്തയല്ല, മറിച്ച് പട്ടിയെ മനുഷ്യൻ കടിച്ചാൽ അത് വാർത്തയാണ് " എന്ന് പറഞ്ഞത് ഡെയ്‌ലി മെയിൽ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഉടമയായ ആൽഫ്രെഡ് ഹാം‌സ്‌വര്‍ത്ത് ആണ്.  ഏതാണ്ട് അങ്ങനെ ഒരു വാർത്തതന്നെയാണ് അമേരിക്കയിലെ ലൂസിയാനയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ലൂസിയാനയിലെ ഗ്രോസ് ടെറ്റെ നിവാസിയായ ഒരു സ്ത്രീ കടിച്ചു മുറിവേൽപ്പിച്ചത് ഒരു ഒട്ടകത്തെയാണ്. എത്ര മാരകമായ ഒരു കടിയാണ് അതെന്നു നോക്കൂ. ഒട്ടകത്തിന്റെ ജീവൻ രക്ഷിക്കാൻ  ഡോക്ടർമാർക്ക് ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവെച്ചുള്ള ചികിത്സയ്ക്ക് വിധേയമാക്കേണ്ടി വന്നു. 

എന്തിന് കടിച്ചു..? 

ഈബർവില്ലിലെ പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം എത്തുന്നത്. ആ പാരിഷിലെ ട്രക്ക്സ്റ്റോപ്പിൽ  വെച്ചാണ് സംഭവം. 68  വയസ്സുള്ള ഗ്ലോറിയ ലങ്കാസ്റ്റർ, 73  വയസ്സുള്ള തന്റെ ഭർത്താവ് എഡ്‌മണ്ട് ലങ്കാസ്റ്ററിനൊപ്പം അവരുടെ പട്ടിയ്ക്ക് തീറ്റ കൊടുക്കുകയായിരുന്നു. ബധിരനായ ആ പട്ടി  ഭക്ഷണം കഴിക്കുന്നതിനിടെ മണത്തുമണത്ത് അറിയാതെ ട്രക്ക് സ്റ്റോപ്പിലുള്ള ഒട്ടകത്തിന്റെ വേലിക്കകത്തേക്ക് കേറിപ്പോയി. പട്ടിയെ ഒട്ടകം ഉപദ്രവിച്ചാലോ എന്ന് ഭയന്ന് അവരിരുവരും പട്ടിക്കുപിന്നാലെ വേലിയ്ക്കടിയിലൂടെ ആ തൊഴുത്തിനുള്ളിലേക്ക് നൂണ്ടുകേറി. 

പിന്നെ നടന്നത് ഉദ്വേഗജനകമായ പോരാട്ടമായിരുന്നു. ഒട്ടകം തങ്ങളുടെ പട്ടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ  അതിനെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ കൂട്ടിലേക്ക് കേറിയതെന്ന് ഗ്ലോറിയ പറഞ്ഞു. ഒട്ടകത്തിന്റെ അട്ടിയാട്ടി തങ്ങളുടെ പട്ടിയെ തിരിച്ചുപിടിക്കാൻ ശ്രമം തുടർന്നു. അക്രമാസക്തമായ ഒട്ടകം ഒന്ന് തിരിഞ്ഞപ്പോഴേക്കും ഗ്ലോറിയയെ തട്ടിയിട്ടു. നിലത്തു വീണ ഗ്ലോറിയക്കുമേൽ കയറിയിരുന്ന് അവരെ ആക്രമിച്ചു ഒട്ടകം. ആ ഭീമാകാരനായ ഒട്ടകത്തെ തള്ളിമാറ്റി ഭർത്താവ് എഡ്‌മണ്ട് തന്റെ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചു.  

അതിനിടെ ഒട്ടകം എഡ്‌മണ്ടിന്റെ കൈക്ക് കടിച്ചു. തന്റെയും ഭർത്താവിന്റെയും ജീവൻ അപകടത്തിലാകും എന്ന അവസ്ഥയായപ്പോഴാണ് ഗ്ലോറിയ ആ കടുംകൈ പ്രവർത്തിച്ചത്. തന്റെ മുഖത്തേക്ക് അമർന്നിരുന്ന ഒട്ടകത്തിന്റെ വൃഷണത്തിൽ അവർ ആഞ്ഞൊരു കടി പറ്റിച്ചു. അതോടെ പ്രാണവേദനയിൽ പുളഞ്ഞ ഒട്ടകം ചാടിയെഴുന്നേറ്റു.  അതിനിടെ കിട്ടിയ നിമിഷാർദ്ധ നേരത്തെ ഒഴിവിൽ ഗ്ലോറിയ പട്ടിയെ എടുത്ത് ഭർത്താവിനൊപ്പം വേലിക്ക് പുറത്തുചാടി രക്ഷപ്പെട്ടു. 

ഒട്ടകത്തിനെ ആക്രമിച്ചത്തിന് വയോധികയ്ക്കും ഭർത്താവിനുമെതിരെ ഒട്ടകത്തിന്റെ ഉടമ പരാതിപ്പെട്ടിട്ടുണ്ട്. വളർത്തുമൃഗത്തെ അശ്രദ്ധമായി തുടലഴിച്ചുവിട്ടു എന്നതും അവർക്കെതിരെയുള്ള ഒരു പരാതിയാണ്. എന്നാൽ, പട്ടി അബദ്ധവശാൽ തുടലഴിഞ്ഞു പോയതാണെന്നും, പിന്നീട് നടന്നതൊക്കെ ആത്മരക്ഷാർത്ഥമായിരുന്നു എന്നും ഗ്ലോറിയയും എഡ്‌മണ്ടും മാധ്യമങ്ങളോട് അറിയിച്ചു.