ചിക്കാഗോയിൽ ജെന്ന സ്ട്രോബിൾ എന്ന യുവതി തന്റെ പങ്കാളിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി. കുട്ടികളെ പരിപാലിക്കുന്നതിലെ തർക്കങ്ങളും മാതാപിതാക്കളുടെ ഇടപെടലുമാണ് ആസൂത്രിതമായ ഈ കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ യുവതി മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി. 30 വയസ്സുകാരിയായ ജെന്ന സ്ട്രോബിൾ ആണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മാർച്ച് 22-ന് രാത്രിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. ജെന്നയും ജേക്കബും തങ്ങളുടെ കുട്ടികളെ ഒരുമിച്ച് വളർത്തുന്നവരാണ്, എന്നാൽ ഇവർ രണ്ട് വീടുകളിലാണ് താമസിക്കുന്നത്.
സംഭവ ദിവസം രാത്രി സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിനായി വിളിച്ചുകൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയ ശേഷം, പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് മസാജ് ചെയ്തു കൊടുത്തു. ഷർട്ട് ഊരി കാറിലെ സീറ്റിൽ കമിഴ്ന്നു കിടന്ന ജേക്കബിന് ഏകദേശം 20 മിനിറ്റോളം മസാജ് ചെയ്യുന്നതിനിടയിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവിടെ നിന്ന് സിഗരറ്റ് വലിച്ച ശേഷം നേരെ ജേക്കബിൻ്റെ വീട്ടിലേക്കാണ് ജെന്ന പോയത്.
ജേക്കബിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിക്കുന്നതിനിടെ ജേക്കബിന്റെ അമ്മയുടെ പങ്കാളിയായ പാട്രിക് ഫോർഡ് വാതിൽ തുറന്നു. ഈ സമയത്ത് പാട്രികിന് നേരെ ജെന്ന 17 തവണ വെടിയുതിർത്തു. ശബ്ദം കേട്ട് താഴേക്ക് വന്ന ജേക്കബിന്റെ അമ്മ സ്റ്റേസി ഫോർഡിനെയും ജെന്ന വെടിവെച്ചു കൊന്നു. കൊലപാതകത്തിന് ശേഷം തന്റെ സഹോദരിയെ വിളിച്ച് താൻ മൂന്ന് പേരെ വധിച്ചതായി ജെന്ന പറഞ്ഞു. സഹോദരി വിവരം പോലീസിനെ അറിയിച്ചു. അധികം വൈകാതെ ജെന്ന പിടിയിലാവുകയും ചെയ്‌തു. കുട്ടികളെ ജേക്കബ് പരിചരിക്കുന്നതിൽ വൈമുഖ്യം കാട്ടുന്നതിലുള്ള അതൃപ്‌തിയും തങ്ങളുടെ ജീവിതത്തിൽ ജേക്കബിൻ്റെ മാതാപിതാക്കൾ അമിതമായി ഇടപെടുന്നവരാണെന്ന തോന്നലുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് ജെന്ന പറഞ്ഞതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് കൊലപാതകം നടത്തിയതെന്നും ജെന്ന പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.


