പ്രമുഖ സംഗീതജ്ഞന്റെ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റവരെ ലക്ഷ്യംവെച്ചല്ലായിരുന്നു ആക്രമണമെന്നാണ് സൂചന.

ഡെന്‍വര്‍: ബാറില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യത്തില്‍ യുവതി തോക്കെടുത്ത് വെടിവെച്ചു. അമേരിക്കയിലെ ഡെന്‍വര്‍ സിറ്റിയിലായിരുന്നു സംഭവം. ഒരു പ്രമുഖ അമേരിക്കന്‍ ഗായകന്റെ സംഗീത പരിപാടി നടക്കുകയായിരുന്ന തിരക്കേറിയ ബാറിന് പുറത്തായിരുന്നു വെടിവെപ്പ്. ബാറില്‍ പ്രവേശനത്തിനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന യുവതിയാണ് വെടിവെച്ചത്. 

ബാറിന് മുന്നിലെത്തിയ ഇവരെ സുരക്ഷാ ജീവനക്കാര്‍ അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കൈവശമുള്ളത് മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയാണെന്ന് ആരോപിച്ചായിരുന്നു പ്രവേശനം തടഞ്ഞത്. ഇതില്‍ പ്രകോപിതയായ ഇവര്‍ ക്യൂവില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയും കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. രാത്രി 11.15ഓടെയായിരുന്നു സംഭവം നടന്നതെന്ന് ഡെന്‍വര്‍ പബ്ലിക് സേഫ്റ്റി വിഭാഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

Read also:  പരമ്പരാഗത സൗദി വസ്ത്രം ധരിച്ച്, കയ്യില്‍ വാളേന്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വൈറല്‍ വീഡിയോ

ബാറിന് പുറത്തുനില്‍ക്കുകയായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തത് അല്ലെന്നാണ് നിഗമനം. വെടിവെപ്പിന്റെ ശബ്ദം കേട്ടതോടെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ജനങ്ങളും പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും നിലവിളിച്ചു കൊണ്ട് ചിതറിയോടി. ബാറില്‍ പ്രവേശനം നിഷേധിച്ചതിന് ഇവര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെയായിരിക്കാം വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ പരിസരത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്.

വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചതെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്നവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓടി രക്ഷപ്പെടുക മാത്രമായിരുന്നു ആ സമയത്ത് മനസില്‍ തോന്നിയത്. പലരും തലനാരിഴയ്ക്കാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വെടിവെപ്പിന് ശേഷം യുവതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...