സിറിയയിലെ തീവ്രവാദ ക്യാംപുകളിൽ കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങളായ 13 പേർ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നു. സർക്കാർ സഹായമില്ലാതെ മടങ്ങിയെത്തുന്ന ഇവരിൽ ചിലരെ ഭീകരബന്ധത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്തേക്കുമെന്നും കുറ്റക്കാർക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

മെൽബൺ: സിറിയയിലെ തീവ്രവാദ ക്യാംപുകളിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങളായ വനിതകളും കുട്ടികളും തിരികെ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചു. നാല് സ്ത്രീകളും ഒമ്പത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് സിറിയയിലെ റോജ് ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇവർ ഇന്ന് രാത്രിയോടെ മെൽബൺ, സിഡ്‌നി വിമാനത്താവളങ്ങളിൽ എത്തും. വിമാനത്താവളത്തിൽ എത്തുന്ന മുറയ്ക്ക് ഈ സംഘത്തിലെ ചില സ്ത്രീകളെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഭീകര സംഘടനയുമായുള്ള ബന്ധം, നിരോധിത മേഖലകളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം.

സിറിയയിലേക്ക് പോയി ഭീകരസംഘടനയുമായി സഹകരിക്കാനുള്ള ഇവരുടെ തീരുമാനം അപമാനകരമാണെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. കുറ്റകൃത്യങ്ങളിൽ പങ്കുള്ളവർ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടി വരും. ഇവർക്ക് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം സിറിയയിലെ കുർദിഷ് നിയന്ത്രണത്തിലുള്ള ക്യാമ്പുകളിൽ വിദേശ വനിതകളും കുട്ടികളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരികെ കൊണ്ടുപോകുന്നതിൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞത് ഓസ്‌ട്രേലിയൻ സർക്കാർ നേരത്തെ വിമുഖത കാട്ടിയിരുന്നു. 2026 ഫെബ്രുവരിയിൽ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം സിറിയൻ അധികൃതർ തടഞ്ഞു. ഇത്തവണ സർക്കാർ സഹായമില്ലാതെ സ്വന്തം നിലയ്ക്കാണ് ഇവർ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്നവരിൽ കോസർ അബ്ബാസ്, അവരുടെ രണ്ട് പെൺമക്കൾ, എട്ട് പേരക്കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബവുമുണ്ട്. മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോൾ, സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെയാണ് ഇവരുടെ മടങ്ങിവരവിനെ നോക്കിക്കാണുന്നത്.