സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ഇത് മറ്റൊരാളുമായി പങ്കുവെച്ചിരുന്നു.
ജക്കാര്‍ത്ത: മേലുദ്യോഗസ്ഥന്‍റെ അശ്ലീല ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത യുവതിക്ക് ആറുമാസം തടവും 23 ലക്ഷം രൂപ പിഴയും. റെക്കോര്‍ഡ് ചെയ്ത അശ്ലീല സംഭാഷണങ്ങള്‍ പങ്കുവെച്ചെതാണ് യുവതിക്ക് എതിരെയുള്ള കുറ്റം. എന്നാല്‍ ലൈംഗികച്ചുവയോടെ യുവതിയോട് സംസാരിച്ച മേലുദ്യോഗസ്ഥനെ വെറുതെ വിടുകയും സംഭാഷണം റെക്കോര്‍ഡ് ചെയ്ത യുവതിക്ക് ശിക്ഷ വിധിക്കുകയും ചെയ്ത വിചിത്രമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്തോനേഷ്യയിലെ ലൊമ്പൊക്ക് ദ്വീപിലെ സ്കൂള്‍ ജീവനക്കാരിയായ നുറില്‍ മക്നനാണ് ഇന്തോനേഷ്യ കോടതി ശിക്ഷ വിധിച്ചത്. 2012-മുതല്‍ മേലുദ്യോഗസ്ഥന്‍ ഫോണ്‍ വിളിച്ച് അശ്ലീലച്ചുവയോടെ യുവതിയോട് സംസാരിച്ചിരുന്നു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ഇത് മറ്റൊരാളുമായി ഇലക്ട്രോണിക് ഉപകരണത്തിലൂടെ പങ്കുവെച്ചു. തുടര്‍ന്ന് അശ്ലീല സംഭാഷണങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് യുവതിക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അശ്ലീല സംഭാഷണങ്ങള്‍ നടത്തിയ മേലുദ്യോഗസ്ഥനെ വെറുതെ വിടുകയും ചെയ്തു. വിധിക്കെതിര യുവതി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
എന്നാല്‍ മേലുദ്യോഗസ്ഥനുമായി പ്രണയത്തിലാണെന്നുള്ള കിംവദന്തികള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഭര്‍ത്താവിനെ മാത്രമാണ് ഈ സംഭാഷണങ്ങള്‍ കേള്‍പ്പിച്ചതെന്നും യുവതി പറഞ്ഞെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആറുമാസം തടവും 35,000 ഡോളര്‍ അതായത് ഏകദേശം 23 ലക്ഷം രൂപയുമാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.
