വിവാദമായ എപ്സ്റ്റീൻ ഫയലിൽ സംവിധായിക മീരാ നായരുടെ പേരും ഉൾപ്പെട്ടു. ഗിസ്ലെയ്ൻ മാക്സ്‌വെല്ലിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ നായരുടെ സിനിമ പ്രദർശിപ്പിച്ചതായി രേഖകൾ പറയുന്നു.
ദില്ലി: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും പ്രശസ്ത ചലച്ചിത്ര സംവിധായികയുമായ മീര നായർ വിവാദ എപ്സ്റ്റീൻ ഫയലിൽ. 2009-ൽ പുറത്തിറങ്ങിയ "അമേലിയ" എന്ന ചിത്രത്തിന്റെ പ്രദർശനം ലൈംഗിക കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട ഗിസ്ലെയ്ൻ മാക്സ്‌വെല്ലിന്റെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പ്രദർശിപ്പിച്ചെന്നും വെളിപ്പെടുത്തി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകൾ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. 2009 ഒക്ടോബർ 21-ന് പബ്ലിഷിസ്റ്റ് പെഗ്ഗി സീഗൽ, ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു ഇമെയിലും രേഖകളിൽ ഇടം നേടി. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ , ആമസോൺ സിഇഒ ജെഫ് ബെസോസ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തു. നായരുടെ സിനിമയോടുള്ള അതിഥികൾ തണുത്ത രീതിയിലാണ് പ്രതികരിച്ചതെന്നും ഇ മെയിലിൽ പറയുന്നു. സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. പക്ഷേ സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടമായി.
മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആൻറി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫയലിൽ ആരോപണം. 2013 ജൂലൈ 18 ന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തനിക്ക് തന്നെ എഴുതിയിട്ടുള്ള കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. റഷ്യൻ മോഡലുകളുമായി തുടർച്ചയായുള്ള സമ്പർക്കം മൂലം അനധികൃതമായ മരുന്നുകൾ ബിൽ ഗേറ്റ്സിന് നൽകി സഹായിക്കേണ്ടി വന്നുവെന്നും ഒടുവിൽ പുറത്ത് വന്ന ജെഫ്രി എപ്സ്റ്റീൻ ഫയൽ വിശദമാക്കുന്നത്. ബിൽ ഗേറ്റ്സ് ജെഫ്രി എപ്സ്റ്റീനിനും മറ്റ് സ്ത്രീകൾക്കുമൊപ്പം തിരിച്ചറിയാത്ത ഇടങ്ങളിൽ നീന്തുന്നതായുമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബിൽ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ ഗേറ്റ്സ് ആവശ്യപ്പെട്ടതായും, ഭാര്യ മെലിൻഡയ്ക്ക് രഹസ്യമായി നൽകാൻ ആന്റിബയോട്ടിക് ആവശ്യപ്പെടുന്നതായുമാണ് ജെഫ്രി എപ്സ്റ്റീൻ കുറിപ്പിൽ വിശദമാക്കുന്നത്. വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്സിന്റെ അവിഹിത ഇടപാടുകൾക്ക് താൻ സൗകര്യമൊരുക്കിയതായും എപ്‌സ്റ്റീൻ എഴുതിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
