ദില്ലി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്രനീതിന്യായ കോടതി ഈ മാസം 17ന് വിധി പറഞ്ഞേക്കും. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെതിരെ ഭീകരപ്രവർത്തനം, ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് പാക്കിസ്ഥാന്‍ ആരോപിച്ചത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ചായിരുന്നു 2017 ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 

ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.