ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികൾ അറുപത്തി നാലര ലക്ഷം കടന്നു. മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരത്തിലധികം പേർ മരിച്ചു. അമേരിക്കയിലാണ് കൂടുതൽ രോഗികൾ. പതിനെട്ടര ലക്ഷത്തി എൺപതിനായിരത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണം ഒരു ലക്ഷത്തി എണ്ണായിരം കവിഞ്ഞു. അമേരിക്കയിൽ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ആയിരത്തി ഒരുനൂറിലധികം മരണവും റിപ്പോർട്ട് ചെയ്തു.

ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിൽ കുറവില്ല. ബ്രസീലിൽ 24 മണിക്കൂറിനിടെ, ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം ആകുന്നു.

ബ്രിട്ടണിൽ കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിൽ വീണ്ടും 324 മരണം.ന്യൂന പക്ഷ വിഭാഗങ്ങൾക്കിടയിൽ രോഗ സാധ്യത കൂടുതലെന്ന പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. 

ഗള്‍ഫില്‍ 24മണിക്കൂറിനിടെ ആറായിരത്തി ഒരുനൂറ്റി പന്ത്രണ്ട് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി എഴുനൂറ്റി മുപ്പത്തിയഞ്ചായി. ആയി. ആയിരത്തി ഒരുനൂറ്റി അറുപത്തിയഞ്ച് പേര്‍ മരിച്ചു.ഇന്നു മുതൽ ദുബായിലെ മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും 100 ശതമാനം പ്രവർത്തനം ആരംഭിക്കും. 

ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരും ജനങ്ങളും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. രോഗങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ല. ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം.