ദില്ലി: ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം രോഗം ബാധിച്ച് 3.43 ലക്ഷം പേർ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു. ന്യൂയോർക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി.

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്പെയിനിലെ വിവിധ നഗരങ്ങളിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തത് സർക്കാരിന് പുതിയ തലവേദനയായി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു. 6654 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. മഹാരാഷ്ട്രയിൽ 2608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.