ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ വൈറ്റ് ഹൗസ് തള്ളി. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ പ്രസ്താവനയും പ്രസിഡന്‍റ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുമാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്. ഇറാനുമായുള്ള കരാറിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി വൈറ്റ് ഹൗസ്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഇത്തരമൊരു സൂചന നൽകിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ പ്രസിഡന്‍റ് പുറത്തെടുക്കുമെന്ന് ഹംഗറിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വാൻസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയും ഇന്ന് രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാകാൻ പോകുന്നു എന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റും ചേർത്തുവെച്ചാണ് ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

Add Asianetnews as a Preferred SourcegooglePreferred

ഡെമോക്രാറ്റിക് അനുകൂലികൾ വാൻസിന്റെ വാക്കുകൾ ആണവായുധ സൂചനയാണെന്ന് ആരോപിച്ചതിന് പിന്നാലെ, വൈറ്റ് ഹൗസ് കടുത്ത ഭാഷയിൽ ഇതിനോട് പ്രതികരിച്ചു. വൈസ് പ്രസിഡന്‍റിന്‍റെ വാക്കുകളിൽ അങ്ങനെയൊരു സൂചനയുമില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു. എന്നാൽ, ഇറാനുമായുള്ള കരാറിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ ആശങ്ക പുകയുകയാണ്.

ഇറാന്‍റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടന്നേക്കാമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. അതേസമയം, വാൻസിന്‍റെയും ട്രംപിന്‍റെയും പ്രസ്താവനകളിൽ കൂടുതൽ വ്യക്തത തേടി പ്രമുഖ മാധ്യമങ്ങൾ വൈറ്റ് ഹൗസിനെ സമീപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാനത്തെ സംബന്ധിച്ച് നിർണ്ണായകമാകും.