അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുൻപ് ഇറാൻ മുന്നോട്ട് വെച്ച പത്ത് നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ലംഘിക്കപ്പെട്ടതായി ഇറാൻ പാർലമെൻ്റ് സ്പീക്കർ അറിയിച്ചു. വെടിനിർത്തൽ, ഡ്രോൺ സാന്നിധ്യം, യുറേനിയം സമ്പുഷ്ടീകരണം എന്നിവയിലെ തർക്കങ്ങൾ കാരണം ചർച്ചകൾ അനിശ്ചിതത്വത്തിലായി. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കൻ നിലപാടും സ്ഥിതി വഷളാക്കി.
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഇറാന്‍റെ പത്ത് ഇന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഇതോടെ നിശ്ചയിച്ചിരുന്ന വെടിനിർത്തലും തുടർചർച്ചകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പത്ത് ഇന പദ്ധതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ ഇതിനോടകം ലംഘിക്കപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് യുക്തിരഹിതമാണെന്നും ഖാലിബാഫ് വ്യക്തമാക്കി.
വെടിനിർത്തൽ ലെബനനിലേക്കും വ്യാപിപ്പിക്കുമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നതാണ് ഇറാന്‍റെ പ്രധാന പരാതി. കൂടാതെ, ഇറാനിയൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്‍റെ ഡ്രോൺ പ്രവേശിച്ചതും യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശത്തെക്കുറിച്ചുള്ള തർക്കങ്ങളും സ്ഥിതിഗതികൾ വഷളാക്കി. കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ കൊണ്ട് അർത്ഥമില്ലെന്ന് ഖാലിബാഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും നിർത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. ഇത് പ്രസിഡന്‍റ് ട്രംപിന്‍റെ 'റെഡ് ലൈൻ' ആണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അമേരിക്ക വ്യക്തമാക്കിയതോടെ സമാധാന ശ്രമങ്ങൾ വഴിമുട്ടി. ചർച്ചകൾ തുടങ്ങുന്നതിന് മുൻപേ ഇരുവിഭാഗവും നിലപാടുകൾ കടുപ്പിച്ചത് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കേണ്ട ചർച്ചകൾ ഇതോടെ പ്രതിസന്ധിയിലായി.


