വിയറ്റ്നാം യുദ്ധത്തിലെ നാപാം പെണ്‍കുട്ടിയുടെ ചിത്രം എടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തെ തുടർന്ന് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അന്വേഷണം നടത്തി. അഞ്ച് മാസത്തെ അന്വേഷണത്തിനൊടുവിലാണ് നടപടി.

ആംസ്റ്റർഡാം: വിയറ്റ്‌നാം യുദ്ധ ഭീകരതയുടെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോയിൽ നിന്ന് ഫോട്ടോഗ്രാഫർ നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. ആ ഫോട്ടോയെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

1972ല്‍ വിയറ്റ്നാമില്‍ അമേരിക്ക വര്‍ഷിച്ച ബോംബില്‍ നിന്ന് കരഞ്ഞുകൊണ്ട് രക്ഷപ്പെട്ടോടുന്ന ഒൻപത് വയസ്സുകാരിയുടെ ചിത്രം എല്ലാ കാലത്തും ലോകമനസാക്ഷിയെ ഉലയ്ക്കുന്നതാണ്. ആ ഫോട്ടോയെടുത്തത് നിക്ക് ഊട്ട് ആണെന്ന് ഇക്കാലമത്രയും ലോകം കരുതി. വാര്‍ത്താ ഏജന്‍സിയായ എപിയുടെ ഫോട്ടോഗ്രാഫറായിരുന്നു നിക്ക് ഊട്ട്. 1972 ജൂണിലാണ് എപി നാപാം പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. 1973ല്‍ നിക്ക് ഊട്ടിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്. 21ാം വയസ്സിൽ പുലിറ്റ്സർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഈ വർഷം ജനുവരിയിൽ ദി സ്ട്രിങര്‍ എന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങിയതോടെയാണ് വിവാദം തുടങ്ങിയത്. എന്‍ബിസി ചാനലിന്‍റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ആ ഫോട്ടോ എടുത്തതെന്ന് ഡോക്യുമെന്‍ററി ആരോപിച്ചു. 20 ഡോളറിന് ഗുയെന്‍ താന്‍ ഗെ എപിയ്ക്കു ഫോട്ടോ വില്‍ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. എപിയിലെ ജീവനക്കാരനല്ലാത്തതിനാല്‍ ഫോട്ടോയുടെ അവകാശം നിക്ക് ഉട്ടിന് നല്‍കുകയായിരുന്നെന്നും ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നു. പിന്നാലെ വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അന്വേഷണം നടത്തി. അഞ്ച് മാസത്തെ അന്വേഷണത്തിന് ശേഷമാണ് നടപടിയെടുത്തത്. സംഘടനയുടെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ നടപടി. ചിത്രത്തിന് നല്‍കിയ ഫോട്ടോ ഓഫ് ദി ഇയര്‍ അവാര്‍ഡ് പിന്‍വലിച്ചിട്ടില്ല.

ഫോട്ടോയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്നാണ് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഫോട്ടോയെടുത്തത് താന്‍ തന്നെയാണെന്നാണ് നിക്ക് ഊട്ടിന്റെ അവകാശവാദം. ഫോട്ടോയിലുള്ള പെണ്‍കുട്ടി കിം ഫുക് നിക്ക് ഊട്ടിനെ പിന്തുണച്ചു. വാർത്താ ഏജൻസിയായ എപിയും പറയുന്നത് നിക്ക് ഊട്ടാണ് ആ ചിത്രമെടുത്തത് എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം