ഭൊലാരി എയർ ബേസിലെ ആക്രമണത്തിൽ റഡാർ സംവിധാനമടക്കമുള്ള എയർ ക്രാഫ്റ്റ് തകർന്നുവെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ

ഇസ്ലാമാബാദ്: ബ്രഹ്മോസ് മിസൈൽ ആക്രമണത്തിൽ പാക് വ്യോമതാവളം തകർന്നെന്ന് സമ്മതിച്ച് പാക് മുൻ എയർ മാർഷൽ. ഭൊലാരി എയർ ബേസിലെ ആക്രമണത്തിൽ റഡാർ സംവിധാനമടക്കമുള്ള എയർ ക്രാഫ്റ്റ് തകർന്നുവെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിന്‍റെ ഭാഗമായി പാക് വ്യോമതാവളമായ ഭൊലാരിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 'വിലയേറിയ' എഡബ്ല്യുഎസിഎസ് (AWACS) വിമാനം തകര്‍ന്നു എന്നാണ് പാകിസ്താന്‍ വ്യോമസേനാ മുന്‍മേധാവിയുടെ വെളിപ്പെടുത്തല്‍. ആക്രമണ മുന്നറിയിപ്പ് നല്‍കുന്നതും നിയന്ത്രണ സംവിധാനവും ഘടിപ്പിച്ച വിമാനമാണ് എഡബ്ല്യുഎസിഎസ് (എയർബോണ്‍ വാണിങ് ആന്‍റ് കണ്‍ട്രോൾ സിസ്റ്റം). പാക് വ്യോമസേനാ മേധാവിയായിരുന്ന റിട്ട.എയര്‍ മാര്‍ഷല്‍ മസൂദ് അഖ്തര്‍ ആണ് ഒരു അഭിമുഖത്തില്‍ ഇന്ത്യയുടെ ബ്രഹ്മോസ് ഉപയോഗിച്ചുള്ള ആക്രമണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

"ഭോലാരി വ്യോമതാവളത്തിലേക്ക് ഇന്ത്യ നാല് ബ്രഹ്മോസ് മിസൈലുകൾ തൊടുത്തുവിട്ടു. അതിലൊന്ന് നേരിട്ട് ഒരു എഡബ്ല്യുഎസിഎസ് വിമാനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് പതിച്ചു" എന്നാണ് മസൂദ് അക്തർ പറഞ്ഞത്.

ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോ​ഗിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും സ്ഥിരീകരിച്ചു. ബ്രഹ്മോസിലൂടെ പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം എങ്ങനെയാണ് പാകിസ്ഥാനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്നാഥ് സിങ് വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങൾക്ക് മനസിലായി, പാകിസ്ഥാന്‍ ഭീകരതയ്ക്ക് നല്‍കുന്ന സഹായം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനെ നിരീക്ഷിക്കുകയാണ്. ഭീകരതക്കെതിരെ ഉള്‍പ്പെടെ അവരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നില്ലെങ്കില്‍ കടുത്ത നടപടി അവർ നേരിടേണ്ടി വരും. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രിയാണ് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. കറാച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭൊലാരി വ്യോമതാവളത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം