'ഗോഗോ' എന്ന ഫ്രഞ്ച് സിനിമ, പ്രിസില്ല സിറ്റിയെനിയുടെ കഥയായിരുന്നു ചലച്ചിത്രമാക്കിയത്. സിനിമ കാണാനായി അവര്‍ ഫ്രാന്‍സിലേക്ക് പറന്നു.


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയെന്ന് കരുതപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിലെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന "ഗോഗോ" എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ ക്ലാസില്‍ പങ്കെടുത്ത ശേഷം പ്രിസില്ല സിറ്റിയെനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

പ്രിസില്ല സിറ്റിയെനിയും അവരുടെ 12 വയസുള്ള സഹപാഠികളും അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. സിറ്റിനേയിയുടെ കഥ യുഎൻ സാംസ്‌കാരിക വിദ്യാഭ്യാസ ഏജൻസിയായ യുനെസ്‌കോയുടെ ഒരു സിനിമയ്ക്ക് പ്രചോദനമായിരുന്നു. ബ്രിട്ടീഷ് കെനിയയിലായിരുന്നു സിറ്റിയെനിയുടെ ജനനം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു അവര്‍ വളര്‍ന്നത്.

സ്‌കൂളിലേക്ക് മടങ്ങാൻ യുവതികളായ അമ്മമാരെ പ്രചോദിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ കഴിഞ്ഞ വർഷം യുനെസ്കോയോട് പറഞ്ഞു. "അവർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സ്‌കൂളിൽ പഠിക്കാത്ത മറ്റ് പെൺകുട്ടികൾക്കും ഒരു മാതൃകയാകാന്‍ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കൂടാതെ, നിങ്ങളും കോഴിയും തമ്മിൽ ഒരു വ്യത്യാസവുമില്ല," അവര്‍ പറഞ്ഞതായി അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ലോകമെങ്ങും പ്രിസില്ല സിറ്റിയെനി പ്രശസ്തയായത്. 

65 വർഷത്തിലേറെ മിഡ്‌വൈഫായി റിഫ്റ്റ് വാലിയിലെ തന്‍റെ ഗ്രാമമായ എൻഡാലത്തില്‍ ജോലി ചെയ്ത ശേഷം 2010 ലാണ് അവര്‍ ലീഡേഴ്‌സ് വിഷൻ പ്രിപ്പറേറ്ററി സ്‌കൂളിൽ ചേരുന്നത്. 10 നും 14 നും ഇടയിൽ പ്രായമുള്ള സഹപാഠികളായ കുട്ടികളെ അവര്‍ പ്രസവിക്കാന്‍ സഹായിച്ചതും അക്കാലത്ത് വാര്‍ത്തായായിരുന്നു. സ്കൂളില്‍ പോകാത്ത കുട്ടികളോട് എന്താണ് സ്കൂളില്‍ പോകാത്തതെന്ന് അന്വേഷിക്കും. “അവർ വളരെ പ്രായമുള്ളവരാണെന്ന് അവർ എന്നോട് പറയും. ഞാൻ അവരോട് പറയാറുള്ളത്. 'ശരി ഞാൻ സ്കൂളില്‍ പുകുന്നുണ്ട്. നിങ്ങളും അങ്ങനെ ചെയ്യണം'." എന്നാണെന്ന് അവര്‍ അഭിമുഖത്തിനിടെ ബിബിസിയോട് പറഞ്ഞിരുന്നു. അനാഥരായ കുട്ടികളോടും വെറുതെ കറങ്ങി നടക്കുന്ന കുട്ടികളോടും സ്കൂളില്‍ പോകാന്‍ താന്‍ ആവശ്യപ്പെടാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. 

'ഗോഗോ' എന്ന ഫ്രഞ്ച് സിനിമ, പ്രിസില്ല സിറ്റിയെനിയുടെ കഥയായിരുന്നു ചലച്ചിത്രമാക്കിയത്. സിനിമ കാണാനായി അവര്‍ ഫ്രാന്‍സിലേക്ക് പറന്നു. ഒപ്പം ഫ്രാന്‍സിന്‍റെ പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവളുടെ സന്ദേശം എന്നും നിലനിൽക്കും." ചിത്രത്തിന്‍റെ സഹ-രചയിതാവ് പാട്രിക് പെസിസ് ട്വിറ്ററിൽ ആദരാഞ്ജലി അർപ്പിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് മറ്റൊരു കെനിയക്കാരനായ പരേതനായ കിമാനി മരുഗെയുടെ പേരിലാണ്. 2004-ൽ 84-ാം വയസിൽ സ്കൂളിൽ പോയ അദ്ദേഹം അഞ്ച് വർഷം അന്തരിച്ചു.