കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ പോഖറയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇരുപത്തിയേഴ് വയസ്സായിരുന്നു. നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയാണ് ഖഗേന്ദ്ര ഥാപ്പ. ജനിക്കുമ്പോൾ വെറും 600 ​ഗ്രാം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോര്‍ഡിനുടമയാണ് ഥാപ്പ . 67.08 സെന്റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) മാത്രമാണ് ഥാപ്പയുടെ ഉയരം. നേപ്പാള്‍ ടൂറിസത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായിരുന്നു ഥാപ്പ. 

2010 ൽ തന്റെ പതിനെട്ടാം പിറന്നാൾ ദിനത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു തുടങ്ങിയത്. ''ഞാനൊരു ചെറിയ മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വലിയ വ്യക്തിയാണ്. എന്നാൽ എനിക്കും എന്റെ കുടുംബത്തിനും നല്ലൊരു വീട് ലഭിക്കാൻ ഈ വിശേഷണം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'' അം​ഗീകാരം ലഭിച്ച വേളയിൽ മ​ഗർ പറഞ്ഞിരുന്നു. ന്യുമോണിയ കാരണം മുൻപും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ അസുഖം അദ്ദേഹത്തിന്റെ ഹൃദയത്തെയും ബാധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മഹേഷ് ഥാപ്പ മാഗർ വെളിപ്പെടുത്തി.