ബാഗ്ദാദ്: തന്നെ ലൈംഗിക അടിമയാക്കിയ ഐഎസ് തീവ്രവാദിയെ വീണ്ടും കണ്ടപ്പോള്‍ അവള്‍ക്ക് തന്‍റെ വികാരവിക്ഷോഭം അടക്കാന്‍ സാധിച്ചില്ല. അയാള്‍ക്ക് മുന്നില്‍ ആ യസീദി വനിത തന്‍റെ ക്ഷോഭവും സങ്കടവും പ്രകടിപ്പിച്ചു. ഇറാഖ് ടിവിയാണ് ഇത് സംബന്ധിച്ച വീഡിയോ പ്രക്ഷേപണം ചെയ്തത്. 
പതിനാലാമത്തെ വയസ്സിലാണ് അഷ്‌റഖ് ഹാജി ഹമീദ് എന്ന പെണ്‍കുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. 

ഐഎസ് ഭീകരനായ അബു ഹാമാം ഈ പണത്തിന് അവളെ വാങ്ങി. തുടര്‍ന്ന് അവളെ ലൈംഗിക അടിമയാക്കി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്ക് മോചനം ലഭിച്ചു. അബു ഹമാം ജയിലിലുമായി. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആയാളെ കാണാന്‍ അഷ്‌റഖ് നേരിട്ടെത്തി. 100 ഡോളറിന് തന്നെ ലൈംഗിക അടിമയായി വാങ്ങിക്കുകയും ഒരു ദിവസം തന്നെ പല തവണ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്ത ഭീകരനെ വീണ്ടും കാണുകയായിരുന്നു.

താന്‍ അനുഭവിച്ച ഒരോ ദുരിതവും ആ പെണ്‍കുട്ടി അയാളുടെ മുഖത്ത് നോക്കി എണ്ണിയെണ്ണി ചോദിച്ചു. '' എന്‍റെ 14-ാം വയസ്സിലാണ് നിങ്ങള്‍ എന്നെ ബലാല്‍സംഗം ചെയ്യുന്നത്. നേരേ നോക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത്. അഭിമാനം എന്നൊന്ന് നിങ്ങള്‍ക്കില്ലേ ?. എനിക്കന്ന് 14-ാം വയസ്സ്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരിക്കല്‍ നിങ്ങള്‍ ഉള്‍പ്പെട്ട ഐഎസ് സംഘടനയുടെ അടിമയായിരുന്നു ഞാന്‍. അതേ ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയായിരിക്കുന്നു. നിങ്ങളാകട്ടെ തടവിലും. തടവിലാക്കപ്പെടുക എന്നാല്‍ എന്താണെന്ന് ഇനിയെങ്കിലും നിങ്ങള്‍ അറിയും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അര്‍ഥവും നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. നിങ്ങള്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടായിരുന്നെങ്കില്‍ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ ?'' - അവള്‍ ചോദിച്ചു.

അവളുടെ ഓരോ ചോദ്യങ്ങള്‍ക്കും അബു ഹമാം ഒരു വാക്കുപോലും പറഞ്ഞില്ല. തല കുനിഞ്ഞിരിക്കുകയായിരുന്നു. ഒരവസരം കിട്ടിയപ്പോള്‍ ഭീകരരുടെ പിടിയില്‍ നിന്ന് അഷ്‌റഖ് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് അബു ഹമാം ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു. ഇറാഖി ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ തങ്ങളെ ഇറാഖിലെ സിന്‍ജാറില്‍ നിന്ന് ഐഎസുകാര്‍ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്നും അഷ്‌റഖ് പറയുന്നുണ്ട്.