ഹെരാത്: അഫ്ഗാനിസ്ഥാനിലെ കലാ, സാംസ്കാരിക, കായിക രംഗത്തെ അറിയപ്പെടുന്ന വനിതയാണ് സഹ്‍ബ ബരാക്സായി. കഴിഞ്ഞ ഏഴ് മാസമായി സബ്‍ഹ സ്വന്തമായി നായയെ വളര്‍ത്തുന്നു. അസെമാന്‍ എന്ന് പേരിട്ട ഹസ്കി വിഭാഗത്തില്‍പ്പെട്ട നായയെ അവര്‍ക്ക് അത്രക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചിലര്‍ സഹ്‍ബയുടെ വീട്ടിലെത്തി വളര്‍ത്തുനായയെ വെടിവെച്ച് കൊലപ്പെടുത്തി. സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്തരുതെന്നാണ് ആക്രമികള്‍ കാരണം പറഞ്ഞത്. തനിക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന ഭയത്തിലാണ് സബ്‍ഹ ഇപ്പോള്‍ ജീവിക്കുന്നത്. രാജ്യം വിടാനും സബ്ഹ ആലോചിക്കുന്നുണ്ട്.

സബ്ഹ തന്‍റെ വളര്‍ത്തുനായ അസെമാനൊപ്പം

സബ്ഹയുടെ നായയെ വെടിവെച്ച് കൊന്നതിലൂടെ എന്ത് ലക്ഷ്യമാണ് അവര്‍ നേടിയതെന്ന് അറിയില്ല. ഒരുപക്ഷേ സബ്ഹയുടെ സമൂഹത്തിലുള്ള ഇടപെടലായിരിക്കാം അവരെ പ്രകോപിപ്പിച്ചത്. സ്വന്തമായി സൈക്ലിംഗ് ക്ലബ് നടത്തുകയും ഹെരാത്തില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുകയും ചെയ്യുന്ന സ്ത്രീയാണ് സബ്ഹ. മുമ്പും അവര്‍ക്ക് നേരെ ഭീഷണിയുണ്ടായിട്ടുണ്ട്. ഞങ്ങളുടെ മാതാപിതാക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നത് -സബ്ഹയുടെ സഹോദരി സതേയേഷ് ബിബിസിയോട് പറഞ്ഞു.

ആക്രമികള്‍ വെടിവെച്ച് വളര്‍ത്തുനായയെ വെടിവെച്ച് കൊന്നപ്പോള്‍ അയെമാനെ വാരിയെടുത്ത് പൊട്ടിക്കരയുന്ന സബ്ഹ(കുടുംബാംഗങ്ങള്‍ പകര്‍ത്തിയ ചിത്രം)

വളര്‍ത്തുനായയായ അസെമാന്‍ കുറച്ച് മാസങ്ങളായി കുടുംബത്തിന്‍റെ കൂടെയുണ്ട്. വളരെ സ്നേഹമുള്ളവനായിരുന്നു. കുടുംബമൊത്ത് പുറത്ത് പോകുമ്പോള്‍ അവനെയും കൂടെ കൂട്ടും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസെമാനുമൊത്ത് ഞങ്ങള്‍ എല്ലാവരും പുറത്തുപോയി. എല്ലാവരും ഒരുമിച്ച് നടക്കുമ്പോള്‍ ഒരാള്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അയാളും സംഘവും ഓടിയെത്തി അസെമാനുനേരെ വെടിയുതിര്‍ത്തു. കരഞ്ഞ് പറഞ്ഞിട്ടും നിര്‍ത്തിയില്ല. നാല് വെടിയുണ്ടകള്‍ അവന്‍റെ നെഞ്ചില്‍ തുളച്ച് കയറി. രക്തത്തില്‍ കുളിച്ച് വീണ് കിടന്ന അവനെ വാരിയെടുത്തപ്പോള്‍ ഒരു പെണ്ണിന് നായയെ വളര്‍ത്താനുള്ള അവകാശമില്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ശരിക്കും ഭയന്ന് പോയി. ജീവിതത്തില്‍ മുമ്പ് ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ല.- സബ്ഹ പറഞ്ഞു. വളര്‍ത്തുനായയുടെ വേര്‍പാടില്‍ സബ്ഹ മോചിതയായിട്ടില്ലെന്നും കുടുംബം പറഞ്ഞു.