പൊലീസിനെ വെട്ടിക്കാനായി ചിമ്മിനിയിൽ ചാടിയിറങ്ങി, കുടുങ്ങി, യുവാവിനെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് ചെയ്തു
പൊലീസിനെ വെട്ടിച്ച് കെട്ടിടങ്ങളുടെ മുകളിലെത്തിയിട്ടും രക്ഷയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ചിമ്മിനിയിൽ ഒളിച്ചിരിക്കാനുള്ള ശ്രമത്തിലാണ് യുവാവ് കുടുങ്ങിയത്.
മസാച്ചുസെറ്റ്സ്: ലഹരിക്കേസിൽ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിൽ ചിമ്മിനിയിൽ കുടുങ്ങി യുവാവ്. അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ ഫാൾ റിവറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡിക്യാമിൽ നിന്നുള്ള ക്യാമറയിലാണ് സംഭവങ്ങൾ പുറത്ത് വന്നത്. ലഹരി വിൽപനയ്ക്ക് പിടിക്കപ്പെട്ട യുവാവിനെ പൊലീസുകാർ പിന്തുടരുന്നതും യുവാവ് രക്ഷയ്ക്കായി കെട്ടിടങ്ങളുടെ മുകളിലേക്ക് കയറുന്നതും വീഡിയോയിൽ വ്യക്തമാണ്.
വീടുകളുടെ മച്ചിന് മുകളിലും പൊലീസ് പിന്തുടരുന്നതായി മനസിലായ യുവാവ് ഒളിച്ചിരിക്കാനായി തിടുക്കത്തിൽ തിരഞ്ഞെടുത്തത് ഒരു ചിമ്മിനിക്കുള്ളിലായിരുന്നു. ഒളിക്കാൻ ഒത്തു പൊലീസിന്റെ കൺമുന്നിൽ നിന്ന് പെട്ടന്ന് മാറാനും പറ്റി. എന്നാൽ ചിമ്മിനിക്ക് അകത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ ഇറങ്ങാൻ പറ്റാതെ വന്നതോടെ യുവാവ് തന്നെ പൊലീസുകാരെ സഹായത്തിന് വിളിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടതാണ് യുവാവിന് രക്ഷയായത്. ഫാൾ റിവർ പൊലീസ് ഡിപ്പാർട്ട്മെന്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
വീഡിയോയിൽ ചിമ്മിനിക്കുള്ളിൽ കുടുങ്ങിയ യുവാവിനേയും രക്ഷാപ്രവർത്തന ദൃശ്യങ്ങളുമാണ് ഉള്ളത്. യുവാവിന്റെ രക്ഷപ്പെടൽ വിഡ്ഢിത്തമെന്ന് പൊലീസുകാർ സംസാരിക്കുന്നതും വ്യക്തമാണ്. അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം