അമേരിക്കയിൽ അപമാനം നേരിട്ടെങ്കിലും ലോകത്താകെ സെലൻസ്കിക്ക് പിന്തുണയേറുകയാണ്

ലണ്ടൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള വിവാദ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടണിലെത്തിയ യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിക്ക് വൻ സ്വീകരണമൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഓവൽ ഓഫീസിലെ കൂടിക്കാഴ്ചക്കിടയിൽ ട്രംപിൽ നിന്ന് നേരിടേണ്ടിവന്നത് ആക്രാശമായിരുന്നെങ്കിൽ ബ്രിട്ടനിൽ സെലൻസ്കിയെ കാത്തിരുന്നത് പ്രധാനമന്ത്രി സ്റ്റാർമറുടെ ആലിംഗനമായിരുന്നു. സെലൻസ്കിയെ കണ്ടയുടനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച സ്റ്റാർമർ, അദ്ദേഹത്തെ രാജ്യത്തെക്ക് ആനയിക്കുകയും ചെയ്തു.

യു കെയിലുടനീളം നിങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും സെലൻസ്കിയോട് പ്രധാനമന്ത്രി സ്റ്റാർമർ പറഞ്ഞു. ഞങ്ങൾ നിങ്ങളോടൊപ്പമാണെന്നും, യുക്രൈനൊപ്പം എത്ര കാലം വേണമെങ്കിലും നിൽക്കുമെന്നും സാർമർ വിവരിച്ചു. തന്നെ ഇത്രമേൽ പിന്തുണച്ച ബ്രിട്ടീഷ് ജനതയ്ക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നതായി സെലൻസ്കി പറഞ്ഞു. ഇന്ന് ബ്രിട്ടണിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. ബക്കിംഗ്ഹാം കൊട്ടാരത്തിനടുത്തുള്ള 200 വർഷം പഴക്കമുള്ള പ്രശസ്തമായ ലങ്കാസ്റ്റർ ഹൗസിൽ നടക്കുന്ന ഉച്ചകോടിക്ക് മുമ്പ്, സെലൻസ്‌കി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും.

ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച: സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്, മൗനം പാലിച്ച് ഇന്ത്യ

ട്രംപുമായി ഓവൽ ഓഫീസിൽ നടന്ന സംഘർഷഭരിതമായ വാഗ്വാദത്തിന് ഒരു ദിവസത്തിന് ശേഷമാണ് സെലൻസ്കി ബ്രിട്ടനിലെത്തിയത്. യുക്രൈന് വേണ്ടിയുള്ള യു എസ് സഹായത്തിന് വേണ്ടത്ര നന്ദി പ്രകടിപ്പിക്കാത്തതിന് പ്രസിഡന്‍റ് ട്രംപും യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും തത്സമയ ടെലിവിഷൻ ചർച്ചക്കിടെ സെലൻസ്കിയെ പരസ്യമായി വിമർശിച്ചിരുന്നു. വാഗ്വാദത്തിനിടെ സെലൻസ്കിയോട് ഇറങ്ങിപോകാൻ ആക്രോശിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം അമേരിക്കയിൽ അപമാനം നേരിട്ടെങ്കിലും ലോകത്താകെ സെലൻസ്കിക്ക് പിന്തുണയേറുകയാണ്. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സെലൻസ്കിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്‍റ് ട്രംപിന്‍റെയും വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെയും നടപടി വളരെ മോശമായിപ്പോയെന്നാണ് ജർമനി അഭിപ്രായപ്പെട്ടത്. ജർമനി മാത്രമല്ല ഫ്രാൻസ്, സ്പെയിൻ, പോളണ്ട്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും സോഷ്യൽ മീഡിയയിലൂടെയും മറ്റും സെലൻസ്കിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ലോകനേതാക്കൾക്കും സെലൻസ്‌കി വ്യക്തിപരമായി നന്ദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം