റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാർ യുക്രൈൻ അംഗീകരിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി

കീവ്: യുദ്ധം അവസാനിപ്പിക്കാനായി യുക്രൈന്‍റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാർ യുക്രൈൻ അംഗീകരിക്കില്ലെന്നും സെലൻസ്കി വ്യക്തമാക്കി. കിഴക്കൻ യുക്രൈനിലെ 2 പ്രവിശ്യകൾ റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാനക്കരാർ അമേരിക്കൻ പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ, യുക്രൈന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് സെലൻസ്കി പ്രഖ്യാപിച്ചു.

'ആക്രമണകാരികൾക്ക് ഒരു കഷണം ഭൂമി പോലും നൽകില്ല, അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട' - സെലൻസ്കി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനുള്ള യുക്രൈന്റെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. റഷ്യയുടെ ആക്രമണോത്സുക നീക്കങ്ങൾക്കെതിരെ യുക്രൈൻ തുടർച്ചയായി പ്രതിരോധം ശക്തമാക്കുകയാണ്. റഷ്യയുമായുള്ള സമാധാന ചർച്ചകൾ പലതവണ പരാജയപ്പെട്ടതിനാൽ, യുദ്ധം അവസാനിപ്പിക്കാൻ ശക്തമായ നയതന്ത്ര ശ്രമങ്ങൾ ആവശ്യമാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. എന്നാൽ, യുക്രൈന്റെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ ഒരു പോറൽ പോലും ഏൽപ്പിക്കാൻ അനുവദിക്കില്ല. സമാധാന കരാറിനായി യുക്രൈന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒറു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സെലൻസ്കി ആവർത്തിച്ചു. യുക്രൈൻ ജനത ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

റഷ്യക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ യുക്രൈന് നിർണായകമാണെന്നും സെലൻസ്കി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളും മറ്റ് സഖ്യകക്ഷികളും യുക്രൈന് സൈനികവും സാമ്പത്തികവുമായ സഹായം തുടർന്നും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ ആക്രമണത്തിനെതിരെ യുക്രൈന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഈ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം വിവരിച്ചു. യുക്രൈന്റെ പോരാട്ടം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് ആഗോള ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു.

അതേസമയം കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാറിനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെടുന്നതെന്ന റിപ്പോർട്ടുകൾ ശക്തമാണ്. 4 പ്രവിശ്യകളാണു പുടിൻ ആവശ്യപ്പെടുന്നതെന്നും ഇതിൽ 2 എണ്ണത്തിനെങ്കിലും ട്രംപ് പച്ചക്കൊടി കാണിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ഓ​ഗസ്റ്റ് 15 ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാ​ഗമായിട്ടായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. കരാറിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്ന സൂചന ട്രംപ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ സെലൻസ്കിയുടെയും യുക്രൈന്‍റെയും പ്രതികരണം എന്താകുമെന്നത് കണ്ടറിയണം.