കൊല്‍ക്കത്ത: ആന്ദ്രേ റസലിന്‍റെ ബാറ്റിംഗ് കരുത്തിന്‍റെ രഹസ്യമെന്ത്... ആരെയും കൂസാത്ത ബിഗ് ഹിറ്ററുടെ ബാറ്റിംഗ് വെടിക്കെട്ട് കണ്ടാല്‍ ഈ ചോദ്യം ഉയരുക സ്വാഭാവികം. തന്‍റെ ബാറ്റിംഗ് കരുത്തിന് പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ആന്ദ്രേ റസല്‍

യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കപ്പെടുന്ന വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ല്‍ നല്‍കിയ ഒരു ഉപദേശമാണ് റസലിന് തുണയായത്. 'പവര്‍ ഹിറ്റിങ്ങിന്‍റെ കാര്യത്തില്‍ ഗെയ്‌ലാണ് തന്‍റെ ജീവിതം മാറ്റിമറിച്ചത്. ഒട്ടേറെ കാര്യങ്ങള്‍ അദേഹത്തില്‍ നിന്ന് പഠിച്ചു. ഭാരം കുറഞ്ഞ ബാറ്റുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2016 ടി20 ലോകകപ്പ് സമയത്ത് ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കാന്‍ തനിക്ക് കരുത്തുണ്ടെന്ന് ഗെയ്‌ല്‍ ഉപദേശം തന്നു. അതിന് ശേഷം ബാറ്റില്‍ മാറ്റം വരുത്തിയതായും റസല്‍ വെളിപ്പെടുത്തി. 

ഐപിഎല്‍ 12-ാം സീസണില്‍ ബാറ്റിംഗ് വെടിക്കെട്ടും സ്ഥിരതയും കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിന്‍ഡീസ് താരം ആന്ദ്രേ റസല്‍. 10 ഇന്നിംഗ്‌സുകളില്‍ നിന്ന് 65.33 ശരാശരിയില്‍ 392 റണ്‍സാണ് ഈ സീസണില്‍ കരീബിയന്‍ കരുത്തന്‍ അടിച്ചുകൂട്ടിയത്. 41 സിക്‌സുകളാണ് റസല്‍ ഇതിനകം ഗാലറിയിലേക്ക് പറത്തിയത്.