വിശദമായ പരിശോധനകള്‍ക്കുശേഷമെ ഗെയ്‌ലിന് അടുത്ത മത്സരത്തില്‍ കളിക്കാനാവുമോ എന്ന് പറയാനാവൂ എന്ന് അശ്വിന്‍ പറഞ്ഞു

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന പന്തിലെ തോല്‍വിക്ക് പിന്നാലെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയായി സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനറെ പരിക്ക്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്‌ലിന്റെ മുതുകിന് പരിക്കേറ്റതെന്ന് മത്സരശേഷം പഞ്ചാബ് നായകന്‍ ആര്‍.അശ്വിന്‍ പറഞ്ഞു.

വിശദമായ പരിശോധനകള്‍ക്കുശേഷമെ ഗെയ്‌ലിന് അടുത്ത മത്സരത്തില്‍ കളിക്കാനാവുമോ എന്ന് പറയാനാവൂ എന്ന് അശ്വിന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 36 പന്തില്‍ 63 റണ്‍സടിച്ച ഗെയ്‌ല്‍ പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ ഒറ്റയാള്‍ പോരാട്ടം മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചപ്പോള്‍ ഗെയ്‌ലിന്റെ അര്‍ധസെഞ്ചുറിയും കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും പാഴായി.

മത്സരത്തില്‍ ഗെയ്‌ല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. ഗെയ്‌ലിന് പുറമെ മുംബൈക്കെതിരെ കിംഗ്സിനായി അവസാന ഓവര്‍ എറിഞ്ഞ അങ്കിത് രജ്‌പുതിനും ചെറിയ പരിക്കുണ്ട്. രജ്പുതിന്റെ വിരലിനാണ് പരിക്കേറ്റത്.13ന് റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ ആണ് പഞ്ചാബിന്റെ അടുത്ത മത്സരം.