ചെന്നൈ: ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് റണ്‍സ് ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തില്‍ സ്റ്റോക്‌സിനെ ബ്രാവോ മടക്കിയത് നിര്‍ണായകമായി. ബ്രാവോയും ഠാക്കൂറും താഹിറും ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ രാജസ്ഥാനും തുടക്കം പാളി. സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ സഞ്ജുവിന് തിളങ്ങാനായില്ല. രഹാനെയെയും(0) സഞ്ജുവിനെയും(8) ചഹാറും ബട്ട്‌ലറെ(6) ഠാക്കൂറും പുറത്താക്കി. എന്നാല്‍ 61 റണ്‍സ് കൂട്ടുകെട്ടുമായി സ്‌മിത്തും ത്രിപാദിയും രാജസ്ഥാനെ മത്സരത്തില്‍ തിരികെയെത്തിച്ചു. 

പക്ഷേ, 10-ാം ഓവറിലെ അവസാന പന്തില്‍ ത്രിപാദിയെ(39) താഹില്‍ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. മൂന്ന് ഓവറുകളുടെ ഇടവേളയില്‍ സ്മിത്തിനെയും(28) താഹിര്‍ മടക്കിയതോടെ കളി ചെന്നൈയുടെ കൈയില്‍. കൃഷ്‌ണപ്പ ഗൗതത്തിന് എടുക്കാനായത് വെറും ഒന്‍പത് റണ്‍സ്. എന്നാല്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ സ്റ്റോക്‌സും ആര്‍ച്ചറും രാജസ്ഥാനെ തിരികെയെത്തിച്ചു. എന്നാല്‍ ബ്രാവോയുടെ അവസാന ഓവര്‍ രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ കവര്‍ന്നു. ഈ ഓവറില്‍ സ്റ്റോക്‌സും(26 പന്തില്‍ 46) ശ്രേയാസ് ഗോപാലും(0) പുറത്തായി. 11 പന്തില്‍ 24 റണ്‍സുമായി ആര്‍ച്ചര്‍ പുറത്താകാതെ നിന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. എം എസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും കുല്‍ക്കര്‍ണിയും സ്റ്റോക്‌സും ഉനദ്‌കട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു റണ്ണെടുത്ത റായുഡുവിനെ തുടക്കത്തിലെ ആര്‍ച്ചര്‍ മടക്കി. വാട്‌സണ്‍(13), കേദാര്‍(8) എന്നിവരും പുറത്തായപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രം. സ്റ്റോക്‌സിനും കുല്‍ക്കര്‍ണിക്കുമായിരുന്നു വിക്കറ്റ്. നാലാം വിക്കറ്റില്‍ റെയ്‌നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ാം ഓവറില്‍ ഉഗ്രനൊരു പന്തില്‍  റെയ്‌നയെ(36) ഉനദ്‌കട്ട് മടക്കി. 

ക്രീസിലൊന്നിച്ച ധോണിയുടെ ബ്രാവോയും ചെന്നൈയ്ക്ക് രക്ഷകരായി. പതുക്കെ തുടങ്ങിയ ധോണി 39 പന്തില്‍ അമ്പത് കടന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ അര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ ബ്രാവേ(16 പന്തില്‍ 27) പുറത്ത്. അവസാന ഓവറില്‍ ഉനദ്‌കട്ടിനെ പ്രഹരിച്ച ധോണിയും(46 പന്തില്‍ 75) ജഡേജയും(മൂന്ന് പന്തില്‍ 8) പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ധോണിയുടെ തുടര്‍ച്ചയായ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 28 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.