ചെന്നൈ: ഐ പി എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് രാത്രി എട്ടിന് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഉഗ്രൻ ഫോമിലുള്ള കൊൽക്കത്തയും ചെന്നൈയും അഞ്ചിൽ നാല് കളിയും ജയിച്ച് എട്ട് പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണ്. 

ആന്ദ്രേ റസലിന്‍റെ ബാറ്റിംഗ് കരുത്താവും കളിയിലെ ശ്രദ്ധാകേന്ദ്രം. അസാധ്യഫോമിൽ ബാറ്റുവീശുന്ന റസൽ കൊൽക്കത്തയ്ക്ക് നൽകുന്നത് അവിശ്വസനീയ വിജയങ്ങൾ. ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, നിതീഷ് റാണ എന്നിവരും ഫോമിൽ. ഇതേസമയം പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ധോണിയും റെയ്നയും ഡുപ്ലെസിയും വാട്‌സണുമെല്ലാം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൽ കെൽപുള്ളവർ. പരുക്കേറ്റ ഡ്വെയിൻ ബ്രാവോയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാവും. 

ഇരുടീമിനുമുള്ളത് ഒന്നാംകിട സ്‌പിന്നർമാർ. ഹർഭജൻ സിംഗും ഇമ്രാൻ താഹിറും രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കും പിയൂഷ് ചൗളയും കുൽദീപ് യാദവും സുനിൽ നരൈനും കൊൽക്കത്തയ്ക്കും പന്തെറിയും. ഇതിന് മുൻപ് ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 12ലും കൊൽകത്ത എട്ടിലും ജയിച്ചു.