Asianet News MalayalamAsianet News Malayalam

ചരിത്രം ചെന്നൈയ്‌ക്ക് കണ്ണീര്‍; ചെന്നൈ- മുംബൈ സാധ്യതകളിങ്ങനെ

മൂന്ന് വട്ടം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ചെന്നൈയെ മുംബൈ വീഴ്ത്തി. 

CSK vs MI IPL Final History
Author
Hyderabad, First Published May 12, 2019, 9:54 AM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം മുംബൈ ഇന്ത്യന്‍സിന് അനുകൂലമാണ്. മൂന്ന് വട്ടം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ചെന്നൈയെ മുംബൈ വീഴ്ത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ടാം ഐപിഎൽ ഫൈനലാണിത്. മുംബൈ ഇന്ത്യന്‍സിന് അഞ്ചാമത്തെയും. ഫൈനലുകളില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏക തോൽവി ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുമ്പിലാണ്. 2010ൽ സച്ചിന്‍ ഉള്‍പ്പെട്ട മുംബൈയെ 22 റൺസിന് തോൽപ്പിച്ചപ്പോള്‍ ചെന്നൈക്ക് സ്വന്തമായത് ആദ്യ കിരീടം.

മൂന്ന് വര്‍ഷത്തിനപ്പുറം മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ കിരീടനേട്ടം. പൊള്ളാര്‍ഡും മലിംഗയും കൊടുങ്കാറ്റായപ്പോള്‍ മുംബൈക്ക് 23 റൺസ് വിജയം. 2015ലെ ഫൈനലില്‍ മുംബൈയെ മുന്നിൽ നിന്ന് നയിച്ചത് നായകന്‍ രോഹിത് ശര്‍മ്മ. 41 റൺസിന്‍റെ ആധികാരിക ജയത്തോടെ നീലപ്പടയ്ക്ക് രണ്ടാം കിരീടനേട്ടം. ഈ സീസണിൽ നേര്‍ക്കുനേര്‍ വന്ന മൂന്ന് വട്ടവും മുംബൈക്ക് മുന്നിൽ ചെന്നൈക്ക് അടിതെറ്റി. ഒരു തവണ പോലും ചെന്നൈക്ക് 135നപ്പുറം കടക്കാനായില്ലെന്നതും മുംബൈയുടെ കരുത്തിന് തെളിവാണ്. 

സീസണിൽ മൂന്ന് കളിയിൽ കൂടുതൽ തുടര്‍ച്ചയായി ജയിക്കാന്‍ മുംബൈക്ക് കഴിഞ്ഞിട്ടില്ല. ഇത് ചെന്നൈക്ക് പ്രതീക്ഷ നൽകും. അതേസമയം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഒരു കളിയും മുംബൈ തോറ്റിട്ടില്ലെന്നതും സീസണിലെ ചരിത്രം. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതം. ആദ്യ ക്വാളിഫയറിൽ തന്നെ ഫൈനല്‍ ഉറപ്പാക്കിയ ശേഷം നാല് ദിവസം വിശ്രമം ലഭിച്ച മുംബൈ ടീം ചെന്നൈയുടെ വെറ്ററന്‍ താരങ്ങളേക്കാള്‍ ഊര്‍ജ്ജ്വസ്വലരാണെന്നതും മുംബൈയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios