കോലിയുടെ ക്യാപ്റ്റന്‍സിയില്‍ സംതൃപ്‌തനാണ് ആര്‍സിബി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. കോലി മികച്ച നായകനാണെന്ന് മുന്‍ കിവീസ് സ്‌പിന്നര്‍ വ്യക്തമാക്കി. 

ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബിയുടെ മോശം പ്രകടനത്തോടെ വിരാട് കോലിയുടെ നായകശേഷി ചോദ്യം ചെയ്യപ്പെടുകയാണ്. കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായെന്ന് മാത്രമല്ല, പോയിന്‍റ് പട്ടികയില്‍ ഒടുവിലെ സ്ഥാനക്കാരുമായി. നായകന്‍റെ തന്ത്രങ്ങള്‍ പാളുന്നത് ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്ന കാര്യം കൂടിയാണിത്. 

എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ സംതൃപ്‌തനാണ് ആര്‍സിബി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. കോലി മികച്ച നായകനാണെന്ന് മുന്‍ കിവീസ് സ്‌പിന്നര്‍ വ്യക്തമാക്കി. 

തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. 2016ല്‍ റണ്ണേഴ്‌സ് അപ്പ് ആയതിന് ശേഷമായിരുന്നു കോലിപ്പടയുടെ വീഴ്‌ച. സീസണില്‍ ആദ്യ ആറ് മത്സരങ്ങളിലും റോയല്‍ ചല‌ഞ്ചേഴ്‌സ് തോറ്റു. ചില തിരിച്ചുവരവുകള്‍ കണ്ടെങ്കിലും ആകെ നേടാനായത് 11 പോയിന്‍റ്. ആര്‍സിബിയുടെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി കോലിക്ക് സീസണ്‍ അവസാനിപ്പിക്കാനായി എന്നത് മാത്രമാണ് ഇന്ത്യന്‍ നായകന് ആശ്വസിക്കാന്‍ സീസണ്‍ സമ്മാനിച്ചത്.