ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റിലെ ഒരു വര്‍ഷത്തെ വനവാസത്തിനുശേഷം തിരിച്ചുവന്നിട്ടും ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍. എട്ട് മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും സഹിതം 450 റണ്‍സടിച്ച വാര്‍ണര്‍ തന്നെയാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍.

കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലും കണ്ടു വാര്‍ണറുടെ വെടിക്കെട്ട് പ്രകടനം. 25 പന്തില്‍ 50 റണ്‍സടിച്ച വാര്‍ണര്‍ സണ്‍റൈസേഴ്സ് വിജയത്തില്‍ നിര്‍ണായക പങ്കുവിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ണറുടെ ഇന്നിംഗ്സിനേക്കാള്‍ ആരാധകരുടെ മനം കവര്‍ന്നത് ഒരു കൊച്ചുമിടുക്കിയുടെ ഗ്യാലറിയിലെ പ്രകടനമായിരുന്നു. മറ്റാരുമല്ല വാര്‍ണറുടെ മകള്‍ തന്നെ.

സണ്‍റൈസേഴ്സസ് താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലേക്കിറങ്ങുന്ന വാര്‍ണര്‍ക്ക് നേരെ 'ഗോ ഡാഡി' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചാണ് വാര്‍ണറുടെ മകള്‍ ക്യാമറകളുടെ ഓമനയായത്. മകളുടെ ഗ്യാലറിയിലെ പ്രകടനം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചപ്പോള്‍ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്ന വാര്‍ണറെയും വീഡിയോയില്‍ കാണാം. എന്താാലും മകളെ നിരാശയാക്കാതെ 25 പന്തില്‍ 50 റണ്‍സടിച്ച് വാര്‍ണര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.