വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട വാര്‍ണറാണ് ഒരു ബൗണ്ടറി പോലും അടിക്കാതെ തന്‍റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. പക്ഷേ, അത് വാര്‍ണറെ ഒരു വേറിട്ട നേട്ടത്തിലെത്തിച്ചു.  

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ബൗണ്ടറി കൂടാതെ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടം ഡേവിഡ് വാര്‍ണറിന്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഈ നേട്ടത്തിലെത്തിയത്. 

പുറത്താകുമ്പോള്‍ 32 പന്തില്‍ 37 റണ്‍സാണ് വാര്‍ണര്‍ക്കുണ്ടായിരുന്നത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട വാര്‍ണറാണ് ഒരു ബൗണ്ടറി പോലും അടിക്കാതെ തന്‍റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. വാര്‍ണറെ 13-ാം ഓവറില്‍ ഓഷേന്‍ തോമസ്, സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 

2017ല്‍ സണ്‍റൈസേഴ്‌സിനെതിരെ 39 പന്തില്‍ ബൗണ്ടറികളില്ലാതെ 34 റണ്‍സെടുത്ത റൈസിംഗ് പുനെ സൂപ്പര്‍ജയ‌ന്‍റ്‌സ് താരം സ്റ്റീവ് സ്‌മിത്തിന്‍റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 

മത്സരത്തില്‍ 37ല്‍ നില്‍ക്കേ പുറത്തായതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താന്‍ വാര്‍ണര്‍ക്കായില്ല. അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ വീതം നേടിയ വീരേന്ദര്‍ സെവാഗിനും ജോസ് ബട്‌ലറിനുമൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് വാര്‍ണര്‍.