ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കാത്തിരിക്കുന്നത് ഐപിഎല്‍ റെക്കോര്‍ഡ്. ഇന്നും അര്‍ദ്ധ സെഞ്ചുറി നേടിയാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തും വാര്‍ണര്‍. അഞ്ച് അര്‍ദ്ധ സെഞ്ചുറി വീതം നേടിയ വീരേന്ദര്‍ സെവാഗിനെയും ജോസ് ബട്‌ലറെയുമാണ് വാര്‍ണര്‍ പിന്നിലാക്കുക. 

നിലവിലെ പ്രകടനം തുടര്‍ന്നാല്‍ വാര്‍ണര്‍ക്ക് അനായാസം ഈ റെക്കോര്‍ഡിലെത്താനാകും. സീസണിലെ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് വാര്‍ണര്‍. 10 മത്സരങ്ങളില്‍ നിന്ന് 71.75 ശരാശരിയില്‍ 574 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. സീസണില്‍ നേരത്തെ ഹൈദരാബാദില്‍ രാജസ്ഥാനെ നേരിട്ടപ്പോള്‍ വാര്‍ണറായിരുന്നു സണ്‍റൈസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍. 69 റണ്‍സാണ് അന്ന് വാര്‍ണറിന്‍റെ ബാറ്റില്‍ പിറന്നത്. 

ജയ്‌പൂരില്‍ രാത്രി എട്ടിനാണ് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം. 10 കളിയില്‍ 10 പോയിന്‍റുമായി നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. എന്നാല്‍ 11 മത്സരം കളിച്ച രാജസ്ഥാന്‍ എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്.