ജയ്‌പൂര്‍: ഐപിഎല്ലില്‍ തന്‍റെ തുടര്‍ച്ചയായ മൂന്നാം സീസണിലും 600 റണ്‍സ് പിന്നിട്ട് ഡേവിഡ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഈ നേട്ടത്തിലെത്തിയത്. ക്രിസ് ഗെയ്‌ലിന് ശേഷം ഐപിഎല്ലില്‍ മൂന്ന് തവണ 600ലധികം റണ്‍സ് ആദ്യ താരമാണ് വാര്‍ണര്‍. കോലി രണ്ട് തവണ 600 റണ്‍സ് പിന്നിട്ടിട്ടുണ്ട്.

ഈ സീസണില്‍ 11 മത്സരങ്ങളില്‍ 611 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 2016ല്‍ 17 മത്സരങ്ങളില്‍ 848 റണ്‍സും 2017ല്‍ 14 മത്സരങ്ങളില്‍ നിന്ന് 641 റണ്‍സും വാര്‍ണര്‍ അടിച്ചുകൂട്ടി. 2018ല്‍ വിലക്ക് മൂലം വാര്‍ണര്‍ക്ക് കളിക്കാനായില്ല. തുടര്‍ച്ചയായി 2011, 2012, 2013 സീസണുകളിലാണ് ക്രിസ് ഗെയ്‌ല്‍ 600ലധികം റണ്‍സ് നേടിയത്. കോലി 2013ലും 2016ലും 600 എന്ന കടമ്പ കടന്നു. 

എന്നാല്‍ ഒരു ഐപിഎല്‍ എഡിഷനില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലെത്താന്‍ വാര്‍ണര്‍ക്കായില്ല. 32 പന്തില്‍ 37 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ വീതം നേടിയ വീരേന്ദര്‍ സെവാഗിനും ജോസ് ബട്‌ലറിനുമൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് വാര്‍ണര്‍. രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലാണ് വാര്‍ണര്‍ പുറത്തായത്.