Asianet News MalayalamAsianet News Malayalam

രക്ഷകനായി ഋഷഭ് പന്ത്; ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി

ജയത്തിലേക്ക് അവസാന നാലോവറില്‍ 42 റണ്‍സ് വേണമെന്നിരിക്കെ മലയാളി താരം ബേസില്‍ തമ്പിയുടെ ഒരോവറില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 22 റണ്‍സടിച്ച ഋഷഭ് പന്ത് ആണ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്.

Dellhi capitals beat Sunrisers Hyderabad in IPL eliminator
Author
Vishakhapatnam, First Published May 8, 2019, 11:33 PM IST

വിശാഖപട്ടണം: തോല്‍വിയുടെ വക്കില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് ഉയര്‍ത്തിയെടുത്ത് ഋഷഭ് പന്ത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഡല്‍ഹിയുടെ എതിരാളി. വിജയികള്‍ ഞായറാഴ്ച ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. തോല്‍വിയോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്തായി.

ജയത്തിലേക്ക് അവസാന നാലോവറില്‍ 42 റണ്‍സ് വേണമെന്നിരിക്കെ മലയാളി താരം ബേസില്‍ തമ്പിയുടെ ഒരോവറില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 22 റണ്‍സടിച്ച ഋഷഭ് പന്ത് ആണ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162/8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.5 ഓവറില്‍ 165/8.

ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ 66 റണ്‍സടിച്ച ഷീഖര്‍ ധവാന്‍-പൃഥ്വി ഷാ സഖ്യം ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും റഷീദ് ഖാന്റെ മാസ്കമരിക സ്പെല്‍ കളി ഹൈദരാബാദിന് അനുകൂലമാക്കി. 17 റണ്‍സടിച്ച ധവാനും 38 പന്തില്‍ 56 റണ്‍സടിച്ച പൃഥ്വി ഷായും പുറത്തായശേഷം മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കാക്കും നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(8) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ ഒരോവറില്‍ കോളിന്‍ മണ്‍റോയെയും(14), അക്ഷര്‍ പട്ടേലിനെയും(0) മടക്കി റഷീദ് ഖാന്‍ ഡല്‍ഹിയെ ഞെട്ടിച്ചു.

ഇതിനുശേഷമായിരുന്നു ഋഷഭ് പന്തിന്റെ അതിഗംഭീര ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറില്‍ 21 പന്തില്‍ 49 റണ്‍സെടുത്ത് ഋഷഭ് പന്ത് പുറത്താവുമ്പോള്‍ ഡല്‍ഹി വിജയത്തിന് തൊട്ടടുടുത്തായിരുന്നു. എന്നാല്‍ പടിക്കല്‍ കലമുടക്കുന്ന ശീലം ഡല്‍ഹി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അവസാന ഓവര്‍ സമ്മര്‍ദ്ദത്തിന്റേതായി. അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്തില്‍ അമിത് മിശ്ര ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ കീമോ പോളിന് റണ്ണെടുക്കാനാവാഞ്ഞതോടെ ഡല്‍ഹി വീണ്ടും സമ്മര്‍ദ്ദത്തിലായി. മൂന്നാം പന്തില്‍ കീമോ പോള്‍ ഒരു റണ്ണെടുത്തെങ്കിലും നാലാം പന്തില്‍ ബൈ റണ്ണോടാന്‍ ശ്രമിച്ച അമിത് മിശ്ര ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ഔട്ടായതോടെ സണ്‍റൈസേഴ്സ് വിജയം മണത്തു. ഒടുവില്‍ അഞ്ചാം പന്തില്‍ ബൗണ്ടറി നേടി കീമോ പോള്‍ ഡല്‍ഹിയെ വിജയതീരമണച്ചു. ഹൈദരാബാദിനായി റഷീദ് കാനും ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മാര്‍ട്ടിന്‍ ഗപ്ടില്‍, മനീഷ് പാണ്ഡെ എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ റിവ്യൂവിലൂടെ എല്‍ബിഡബ്ലിയും അപ്പീല്‍ അതിജീവിച്ച വൃദ്ധിമാന്‍ സാഹയ്ക്ക് പക്ഷെ അധികം ആയുസുണ്ടായില്ല.

എട്ടു റണ്‍സെടുത്ത സാഹയെ ഇഷാന്ത് ശര്‍മ ക്യാപറ്റന്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഗപ്ടിലും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്കോര്‍ 56ല്‍ എത്തിച്ചെങ്കിലും അമിത് മിശ്രക്കെതിരായ അമിതാവേശം ഗപ്ടിലിനെ(19 പന്തില്‍ 36) വീഴ്ത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയ്ക്കും(36 പന്തില്‍ 30)വലിയ ഇന്നിംഗ്സ് കളിക്കാനായില്ല.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും(27 പന്തില്‍ 28) വലിയ സ്കോര്‍ നേടാതെ പുറത്തായപ്പോള്‍ സണ്‍റൈസേഴ്സിന് ഭേദപ്പട്ടെ സ്കോര്‍ പോലും അന്യമാകുമെന്ന് കരുതി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മുഹമ്മദ് നബിയും(113 പന്തില്‍ 20) വിജയ് ശങ്കറും(11 പന്തില്‍ 25) ചേര്‍ന്നാണ് ഹൈദരാബാദിനെ 162 റണ്‍സിലെത്തിച്ചത്. ഡല്‍ഹിക്കായി കീമോ പോള്‍ മൂന്ന് വിക്കറ്റെടുത്തപ്പള്‍ ഇഷാന്ത് രണ്ടും  അമിത് മിശ്രയും ഒരു വിക്കറ്റും വീഴ്ത്തി.

 

Follow Us:
Download App:
  • android
  • ios