Asianet News MalayalamAsianet News Malayalam

ധോണിക്കെതിരെ വിമര്‍ശനവുമായി പ്രമുഖര്‍

ധോണിയുടെ നടപടി ശരിയായില്ലെന്ന് രാജസ്ഥാന്റെ ഓപ്പണറായ ജോസ് ബട്‌ലര്‍ മത്സരശേഷം വ്യക്തമാക്കിയിരുന്നു

Dhoni face the heat over argument with onfield umpire
Author
Jaipur, First Published Apr 12, 2019, 3:08 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി താരങ്ങള്‍ രംഗത്ത്. ധോണിയുടെ കടുത്ത ആരാധകനാണെങ്കിലും അംപയറുടെ നടപടിയെ ചോദ്യംചെയ്യാന്‍ ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലിറങ്ങിയ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മ‍ഞ്ജരേക്കര്‍ പറഞ്ഞു. ചെറിയ പിഴയില്‍ മാത്രം ശിക്ഷ ഒതുങ്ങിയത് ധോണിയുടെ ഭാഗ്യമാണെന്നും മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.

നോ ബോള്‍ വിളിക്കാനും അത് റദ്ദാക്കാനും അംപയര്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നിരിക്കെ ഗ്രൗണ്ടിലിറങ്ങി ധോണി തര്‍ക്കിച്ചത് ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹേമംഗ് ബദാനി വ്യക്തമാക്കി. ധോണിയെപ്പോലെ ക്യാപ്റ്റന്‍ കൂളായ ഒരാളുടെ നടപടി അത്ഭുദപ്പെടുത്തിയെന്നും ബദാനി പറഞ്ഞു.

ഇത്തവണ ഐപിഎല്ലിലെ അംപയറിംഗ് നിലവാരം കുറഞ്ഞതാണെങ്കിലും ധോണി ചെയ്തത് ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കി. പുറത്തായ ബാറ്റ്സ്മാന് പിച്ചിലിറങ്ങി അംപയറുമായി തര്‍ക്കിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ധോണി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ധോണിയുടെ നടപടി ശരിയായില്ലെന്ന് രാജസ്ഥാന്റെ ഓപ്പണറായ ജോസ് ബട്‌ലര്‍ മത്സരശേഷം വ്യക്തമാക്കിയിരുന്നു. മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണും ധോണിയെ നിശിതമായ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അംപയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.

 രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ , നോബോള്‍ വിളിക്കാനുള്ള തീരുമാനം അംപയര്‍മാര്‍ പിന്‍വലിച്ചതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയെ ചൊടിപ്പിച്ചത്.ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. തുടര്‍ന്ന് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണമായ രംഗങ്ങള്‍ വിരട്ടലില്‍ അംപയര്‍മാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios