ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻതാരം ഗൗതം ഗംഭീർ
ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ചുറിയോടെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയ ക്രിക്കറ്റില്‍ താരമാവുകയാണ്. മുമ്പ് ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജു ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പുറത്തെടുത്ത പ്രകടനത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ അഭിപ്രായ പ്രകടനം നടത്തിയത് ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളില്‍ ടോപ് സ്കോററായ ഗൗതം ഗംഭീറായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻതാരം ഗൗതം ഗംഭീർ ട്വിറ്ററില്‍ പറഞ്ഞു.
ക്രിക്കറ്റിലെ വ്യക്തിഗത പ്രകടനങ്ങളെക്കുറിച്ച് പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ഗംഭീര്‍ പക്ഷെ സഞ്ജുവിന്റേതുപോലുള്ള പ്രകടനങ്ങളെക്കുറിച്ച് എങ്ങനെയാണ് പറയാതിരിക്കുക എന്നും ചോദിക്കുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറില്ലെങ്കിലും ഫോമിലായാല്‍ അദ്ദേഹത്തെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന എത്ര ഇന്ത്യന്‍ താരങ്ങളുണ്ടെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം.
