കൊല്‍ക്കത്ത: കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് നായകന്‍ ആര്‍ അശ്വിന്റെ മങ്കാദിംഗ് ഏറ്റെടുത്ത് കൊല്‍ക്കത്ത പോലീസ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിന്റെ നടപടിയെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും കൊല്‍ക്കത്ത പോലീസിന്റെ നടപടിക്ക് എന്തായാലും രണ്ട് അഭിപ്രായം ഉണ്ടാവാനിടയില്ല.

ട്രാഫിക് നിയമലംഘനം തടയുന്നതിനുള്ള പരസ്യത്തിനായാണ് കൊല്‍ക്കത്ത പോലീസ് അശ്വിന്റെ മങ്കാദിംഗ് ഉപയോഗിച്ചത്.  ക്രീസിലായാലും റോഡിലായാലും അതിര്‍വര കടന്നാല്‍ നിങ്ങള്‍ ദു:ഖിക്കേണ്ടിവരുമെന്ന അടിക്കുറിപ്പോടെയാണ് കൊല്‍ക്കത്ത പോലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ പരസ്യം പ്രത്യക്ഷപ്പെട്ടത്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് അനായാസം ബാറ്റ് വീശുന്നതിനിടെയാണ് മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടിയപ്പോള്‍ നടത്തിയ ആഘോഷവും കൊല്‍ക്കത്ത പോലീസ് പരസ്യത്തിനായി ഉപയോഗിച്ചിരുന്നു.