ഹൈദരാബാദ്: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് ഹൈദരാബാദിന്‍റെ ഡേവിഡ് വാർണർക്ക്. വിക്കറ്റ് വേട്ടക്കാരനുള്ള പർപിൾ ക്യാപ് ചെന്നൈയുടെ ഇമ്രാൻ താഹിറിനാണ്.

12 കളിയിൽ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയുമടക്കം 692 റൺസുമായാണ് ഡേവിഡ് വാർണർ ഒന്നാമനായത്. വാർണറിന്‍റെ അഭാവത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത് വിവിഎസ് ലക്ഷ്മൺ. 593 റൺസുമായി കെ എൽ രാഹുൽ രണ്ടും 529 റൺസുമായി ക്വിന്‍റൺ ഡി കോക്ക് മൂന്നും സ്ഥാനത്തെത്തി. വിക്കറ്റ് വേട്ടയിൽ ഇമ്രാൻ താഹിർ മുന്നിലെത്തിയത് 26 വിക്കറ്റുമായി.

നാൽപതുകാരനായ താഹിർ പിന്നിലാക്കിയത് 25 വിക്കറ്റുള്ള കാഗിസോ റബാഡയെ. 22 വിക്കറ്റുമായി ചെന്നൈയുടെ ദീപക് ചാഹർ മൂന്നാം സ്ഥാനത്ത്. യുവതാരത്തിനുള്ള പുരസ്കാരം കൊൽക്കത്തയുടെ പത്തൊൻപതുകാരൻ ശുഭ്മാൻ ഗില്ലിനാണ്. കീറോൺ പൊള്ളാർഡ് മികച്ച ക്യാച്ചിനുള്ള പുരസ്കാരവും ആന്ദ്രേ റസൽ ബെസ്റ്റ് സ്ട്രൈക്ക് റേറ്റ് പുരസ്കാരവും കരസ്ഥമാക്കി. ഫെയർ പ്ലേ അവാർഡ് സൺറൈസേഴ്സ് ഹൈദരാബാദിനാണ്.