ജയ്‌പൂര്‍: ഐപിഎല്ലില്‍ രഹാനെയുടെ സെഞ്ചുറിക്ക് ഋഷഭ് പന്ത് വെടിക്കെട്ടിലൂടെ മറുപടി നല്‍കിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. രാജസ്ഥാന്‍റെ 191 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി നാല് പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയുമായി ഋഷഭ് പന്താണ്(36 പന്തില്‍ 78) ഡല്‍ഹിയുടെ വിജയശില്‍പി. രാജസ്ഥാനായി രഹാനെ സെഞ്ചുറി നേടിയെങ്കിലും ജയം മാറിനിന്നു. 

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ ധവാനും(54) വൈകാതെ ശ്രേയസും(4) മടങ്ങി. മൂന്നാം വിക്കറ്റില്‍ ഷാ- ഋഷഭ് യുവസഖ്യം മതില്‍കെട്ടി. ഋഷഭ് 26 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സ്റ്റോക്‌സ് 17-ാം ഓവറില്‍ ഷായെ(39 പന്തില്‍ 42) മടക്കി. എന്നാല്‍ പന്തും(78) ഇന്‍ഗ്രാമും(3) ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ആറ് ഫോറും നാല് സിക്‌സും പന്തിന്‍റെ ബാറ്റില്‍ പിറന്നു.  

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 191 റണ്‍സെടുത്തു. രണ്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ രഹാനെ 63 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു. രഹാനെയും സ്‌മിത്തും രണ്ടാം വിക്കറ്റില്‍ രാജസ്ഥാന് മികച്ച അടിത്തറപാകി. ഇരുവരും 130 റണ്‍സ് ചേര്‍ത്തു. സ്‌മിത്തിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(32 പന്തില്‍ 50) രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ഡല്‍ഹിക്കായി റബാഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി.