ഹൈദരാബാദ്: ഐപിഎല്ലില്‍ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയുടെ ബൗളിംഗ് മികവാണ് ഡൽഹിക്ക് അഞ്ചാം വിജയം സമ്മാനിച്ചത്. റബാഡ 22 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാർണർ, വിജയ് ശങ്കർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവരുടെ വിക്കറ്റാണ് റബാഡ നേടിയത്. 

അണ്ടർ 19 ടീമുകളിൽ ഒരുമിച്ച് കളിച്ച താരങ്ങളുടെ സാന്നിധ്യം ഡൽഹി ടീമിന് കരുത്തായെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. എവേ ഗ്രൗണ്ടുകളിലെ വിജയം ദില്ലിയിലും ആവർത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രേയസ് പറഞ്ഞു. അതേസമയം ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ ഒഴികെ ഉള്ളവരുടെ മോശം ഫോമാണ് ഹൈദരാബാദിന് തിരിച്ചടിയാവുന്നതെന്ന് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ. ബൗളർമാരുടെ പ്രകടനം ആശാവഹമാണെന്നും വില്യംസൺ മത്സരശേഷം പറഞ്ഞു. 

ഡൽഹി 39 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിക്കുകയായിരുന്നു. ഡൽഹിയുടെ 155 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 116 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവി‍ഡ് വാർണർ 51 റണ്‍സും ജോണി ബെയ്ർസ്റ്റോ 41 റൺസുമെടുത്തെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കാണാനായില്ല. കാഗിസോ റബാഡ നാലും കീമോ പോളും ക്രിസ് മോറിസും മൂന്ന് വിക്കറ്റ് വീതവും നേടി. ജയത്തോടെ 10 പോയിന്‍റുമായി ഡൽഹി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.

നേരത്തേ, കോളിൻ മൻറോ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് ഡൽഹി 155 റൺസിൽ എത്തിയത്. മൺറോ നാൽപതും ശ്രേയസ് 45 റൺസുമെടുത്തു. പൃഥ്വി ഷാ നാലും ശിഖർ ധവാനൻ ഏഴും റൺസിന് പുറത്തായി. ഖലീൽ അഹമ്മദ് മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റ് വീതം നേടി. ഹൈദരാബാദിന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.