ഋഷഭിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞത് ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ മണ്ടത്തരമാണ് എന്നാണ് ഇതിഹാസ താരം റിക്കി പോണ്ടിംഗ് പറയുന്നത്. 

ജയ്‌പൂര്‍: ഇന്ത്യയുടെ ലോകകപ്പ് ടീം സാധ്യതകളില്‍ ഏറെ പറഞ്ഞുകേട്ട പേരാണ് യുവതാരം ഋഷഭ് പന്തിന്‍റേത്. രണ്ടാം വിക്കറ്റ് കീപ്പറായും നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനിലും പന്തിന്‍റെ പേരുയര്‍ന്നിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ പന്ത് പട്ടികയില്‍ നിന്ന് പുറത്തായി. പക്ഷേ, ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി മിന്നും ഫോമില്‍ കത്തിപ്പടര്‍ന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അത്ഭുതപ്പെടുത്തുകയാണ് ഈ ഇടംകൈയന്‍ യുവ ബാറ്റ്സ്‌മാന്‍. 

ഋഷഭിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞത് ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ മണ്ടത്തരമാണ് എന്നാണ് ഇതിഹാസ താരം റിക്കി പോണ്ടിംഗ് പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ വെടിക്കെട്ട് പുറത്തെടുത്ത പന്തിന്‍റെ ഇന്നിംഗ്‌സിന് ശേഷമാണ് പോണ്ടിംഗിന്‍റെ പ്രതികരണം. ഡല്‍ഹി കാപിറ്റല്‍സിന്‍റെ പരിശീലകനാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനായ റിക്കി പോണ്ടിംഗ്. 

'പന്തിന് ലോകകപ്പ് നഷ്ടമാകുന്നത് വലിയ നിരാശയാണ്. പന്തിന്‍റെ കാര്യത്തില്‍ ഇന്ത്യ തെറ്റായ തീരുമാനമെടുത്തു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ മധ്യഓവറുകളില്‍ തിളങ്ങാന്‍ കഴിയുന്ന താരമാണയാള്‍. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ മൂന്നോ നാലോ ലോകകപ്പ് കളിക്കാന്‍ കഴിവുള്ള താരമാണ് ഋഷഭ് പന്ത്. അയാള്‍ അതിപ്രാഗല്‍ഭ്യമുള്ള താരവും മത്സരബുദ്ധിയുള്ള മാച്ച് വിന്നറാണെന്നുംട പോണ്ടിംഗ് പറഞ്ഞു.

ഐപിഎല്‍ 12-ാം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ 36 പന്തില്‍ 78 റണ്‍സെടുത്ത് ഋഷഭ് ഡല്‍ഹിയുടെ വിജയശില്‍പിയായിരുന്നു. ഈ സീസണില്‍ 11 മത്സരങ്ങളില്‍ 336 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം.