ഇന്ന് വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം ബുംറയുടെ പരിക്കിന്റെ കാര്യത്തില്‍ മുംബൈ കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ജസ്പ്രീത് ബുംറയുടെ ഇടതു തോളിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് സൂചന. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഋഷഭ് പന്തിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബുംറക്ക് പരിക്കേറ്റത്.

പിന്നീട് മുംബൈക്കായി ബുംറ ബാറ്റിംഗിനിറങ്ങിയതുമില്ല. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ നിര്‍ണായക സാന്നിധ്യമാവേണ്ട ബുംറയ്ക്ക് പരിക്കേറ്റത് മുംബൈയെ മാത്രമല്ല ഇന്ത്യന്‍ ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ബുംറയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് വ്യക്തമാക്കി.

ഇന്ന് വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം ബുംറയുടെ പരിക്കിന്റെ കാര്യത്തില്‍ മുംബൈ കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാഴാഴ്ട റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ ആണ് മുംബൈയുടെ അടുത്ത മത്സരം.

 ലോകകപ്പ് കണക്കിലെടുത്ത് ഇന്ത്യയുടെ മുന്‍നിര പേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നേരത്തെ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും രോഹിത് ശര്‍മ അടക്കമുള്ളവര്‍ ഇതിനെ അനുകൂലിച്ചിരുന്നില്ല.