മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. ബാംഗ്ലൂരിന്‍റെ 171 റൺസ് മുംബൈ ആറ് പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.