കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി. യുവതാരം ശുഭ്‌മാന്‍ ഗില്ലിനെ ബാറ്റിംഗ് ഓഡറില്‍ താഴെയിറക്കിയതാണ് തിവാരിയെ ചൊടിപ്പിച്ചത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി തിളങ്ങിയ ഗില്ലിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഏഴാമനായാണ് ഇറക്കിയത്. 

കഴിഞ്ഞ മത്സരത്തില്‍ ക്ലാസിക് ഇന്നിംഗ്‌സിലൂടെ 65 റണ്‍സ് നേടിയ താരമാണ് ഗില്‍. അങ്ങനെയിരിക്കേ ആ താരത്തെ ബാറ്റിംഗ് ക്രമത്തില്‍ നേരത്തെയിറക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് ടീം ഒരു മത്സരം തോറ്റ സാഹചര്യത്തില്‍. വിദേശ താരങ്ങളെക്കാള്‍ ആഭ്യന്തര താരങ്ങള്‍ക്ക് ബാറ്റിംഗ് ക്രമത്തില്‍ നേരത്തെ അവസരം നല്‍കുകയാണ് വേണ്ടതെന്നും മനോജ് തിവാരി ട്വീറ്റ് ചെയ്തു. 

ഗില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിന് ചെന്നൈ തോല്‍പിച്ചു. ഗില്‍ 20 പന്തില്‍ 15 റണ്‍സാണ് മത്സരത്തില്‍ എടുത്തത്. ക്രിസ് ലിന്നും സുനില്‍ നരെയ്‌നും ഓപ്പണിംഗില്‍ തിരിച്ചെത്തിയതാണ് ഗില്ലിന്‍റെ സ്ഥാനം നഷ്ടപ്പെടാനിടയാക്കിയത്. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 65 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലായിരുന്നു ടോപ് സ്‌കോറര്‍.