കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടുമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്.
ബെംഗളൂരു: ഐപിഎല്‍ 12-ാം എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ പ്രവചനം. കോലിപ്പട പ്ലേ ഓഫ് കളിക്കില്ലെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് ഗംഭീറിന്‍റെ പ്ലേ ഓഫ് പട്ടികയിലുണ്ടായിരുന്നത്.
എന്നാല്‍ ഗംഭീറിനോട് വിയോജിക്കുകയാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടുമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താന്‍ കോലിക്കും സംഘത്തിനുമായില്ല.
പതിവുപോലെ ഇക്കുറിയും കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വരവ്. വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഹെറ്റ്‌മെയര്‍, സ്റ്റോയിനിസ്, ക്ലാസെന്‍ തുടങ്ങിയ കരുത്തന്‍മാര്‍ ടീമിലുണ്ട്. ബൗളിംഗില്‍ ചാഹല്‍, സൗത്തി, ഉമേഷ്, കോള്‍ട്ടര്‍ നൈല്‍ തുടങ്ങിയവരാണ് പ്രമുഖര്‍. മാര്‍ച്ച് 23ന് ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കോലിപ്പട നേരിടും.
