വിദേശ താരങ്ങളുടെ മടക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ടീമാകും രാജസ്ഥാന്‍ റോയല്‍സ്. സ്‌മിത്തിന്‍റെ മടക്കം രാജസ്ഥാന് വലിയ തിരിച്ചടിയാവും. 

ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്‌റ്റീവ് സ്‌മിത്ത് ഐപിഎല്‍ 12-ാം എഡിഷന്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുന്നു. ഏപ്രില്‍ 30ന് റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരമായിരിക്കും സ്‌മിത്തിന്‍റെ ഈ സീസണിലെ അവസാന മത്സരം. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ക്യാമ്പില്‍ ചേരുന്നതിനായാണ് രാജസ്ഥാന്‍ നായകന്‍ നാട്ടിലേക്ക് പറക്കുന്നത്.

കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരശേഷം ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സും ജോഫ്രാ അര്‍ച്ചറും നാട്ടിലേക്ക് മടങ്ങിയിരുന്നു. താരങ്ങളുടെ മടക്കം മത്സരശേഷം നായകന്‍ സ്റ്റീവ് സ്‌മിത്താണ് മാധ്യമങ്ങളെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് കഴിഞ്ഞ ആഴ്‌ച മടങ്ങിയ ജോസ് ബട്‌ലര്‍ തിരിച്ചെത്തിയില്ല. ഇതോടെ വിദേശ താരങ്ങളുടെ മടക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ടീമാകും രാജസ്ഥാന്‍ റോയല്‍സ്.

സ്‌മിത്തിന്‍റെ മടക്കം രാജസ്ഥാന് വലിയ തിരിച്ചടിയാവും. സ്‌മിത്തിന് കീഴില്‍ രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ ത്രസിപ്പിക്കുന്ന ജയം നേടി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. സീസണില്‍ രാജസ്ഥാന്‍റെ നാലാം ജയമാണിത്. കൊല്‍ക്കത്തയുടെ 175 റണ്‍സ് നാല് പന്തും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. പരാഗിന്‍റെയും(47) ആര്‍ച്ചറിന്‍റെയും(27) വെടിക്കെട്ടാണ് രാജസ്ഥാന്‍ ജയം സമ്മാനിച്ചത്.